ചോര്‍ന്നൊലിക്കുന്ന വീട്, തെന്നിവീണ് സിസി മുകുന്ദന്‍ എംഎല്‍എയ്ക്ക് പരിക്ക്

തൃശൂര്‍: ജപ്തി ഭീഷണിയിലുള്ള ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ തെന്നിവീണ് നാട്ടിക എംഎല്‍എ സിസി മുകുന്ദന് പരിക്ക്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുത്ത് തിരിച്ചെത്തിയ ബുധനാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. വീടിന് അകത്ത് കയറിയ എംഎല്‍എ മഴയില്‍ ചോര്‍ന്നൊലിച്ച് തളം കെട്ടി നിന്ന വെള്ളത്തില്‍ ചവിട്ടി തെന്നിവീഴുകയായിരുന്നു. വീഴ്ചയില്‍ കാലിന് പരിക്കേറ്റ എംഎല്‍എ ചികിത്സയ്ക്ക് ശേഷം വീട്ടില്‍ വിശ്രമത്തിലാണ്.
സി.സി. മുകുന്ദന്റെ വീട്ടിൽ ഈ മഴക്കാലത്ത് രണ്ട് വസ്തുക്കൾ കരുതലിനായുണ്ട്, കട്ടിയുള്ള ചണച്ചാക്കും വലിയ വാവട്ടമുള്ള പാത്രങ്ങളും. കഴുക്കോലും പട്ടികയും ദ്രവിച്ച് ഓടുകൾ തെന്നിമാറിയ മേൽക്കൂരയുള്ള വീട്ടിൽ മഴക്കാലത്ത് നിറയെ വെള്ളമാണ്. ഇത് ശേഖരിച്ച് പുറത്തുകളയാനാണ് വലിയപാത്രങ്ങൾ. വെള്ളം വലിച്ചെടുക്കാനാണ് ചണച്ചാക്കുകൾ.
അന്തിക്കാട് കവലയിൽനിന്ന് ഒരുകിലോമീറ്റർ അകലെയാണ് മുകുന്ദന്റെ വീട്. കാലപ്പഴക്കമുള്ള ഈ ഓടിട്ടവീട് ജപ്തിഭീഷണിയിലാണ്. മകളുടെ വിവാഹത്തിനായി കാരമുക്ക് സഹകരണബാങ്കിൽനിന്ന് പത്തുവർഷം മുൻപ് ആറുലക്ഷം രൂപ വായ്പയെടുത്തു. തിരഞ്ഞടുപ്പിനുമുൻപ് ഒരുതവണ വായ്പ പുതുക്കി. ഇപ്പോൾ കുടിശ്ശിക 18.75 ലക്ഷമായി. ജപ്തിക്കാര്യമറിയിച്ച് ബാങ്കുകാർ പലതവണ കത്തയച്ചു.
സി സി മുകുന്ദന്‍ എംഎല്‍എയുടെ വീട് ജപ്തി ഭീഷണിയിലാണെന്ന വാര്‍ത്ത നേരത്തെ തന്നെ പുറത്തുവന്നിരുന്നു. സിപിഐ ജില്ല സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടായ ഇറങ്ങിപ്പോകല്‍ വിവാദത്തിനു പിന്നാലെ എംഎല്‍എ തന്നെയാണ് തന്റെ സാമ്പത്തിക ബാധ്യത സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്.
പതിനെട്ടുലക്ഷത്തിലേറേ വരുന്ന വായ്പാ ബാധ്യതയാണ് സിസി മുകന്ദനുള്ളത്.
എംഎല്‍എ ആയതുകൊണ്ടാണ് ഇറക്കിവിടാത്തതെന്നും മുകുന്ദന്‍ പറഞ്ഞിരുന്നു.
ബാധ്യത തീര്‍ക്കാന്‍ വീടുവില്‍ക്കുന്നത് ഉള്‍പ്പെടെ ആലോചനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അന്തിക്കാട് ചെത്തുതൊഴിലാളി സഹകരണസംഘത്തിൽ അറ്റൻഡറായിരുന്നു മുകുന്ദൻ. ഈയിനത്തിൽ തുച്ഛമായ പെൻഷനുണ്ട്. എംഎൽഎ എന്നനിലയിലുള്ള ഓണറേറിയമുണ്ട്. പക്ഷേ, ഇതൊന്നും കടംവീട്ടാൻ മതിയാകുന്നില്ല. കാർ വാങ്ങാനായി സർക്കാർ അനുവദിച്ച 10 ലക്ഷത്തിന്റെ തിരിച്ചടവായി മാസംതോറും 28,000 കെട്ടണം. അധികമായെടുത്ത മൂന്നുലക്ഷത്തിന്റെ ബാങ്ക് വായ്പയും അടയ്ക്കണം. അതോടെ വരുമാനംമുട്ടും. രണ്ടുതവണ പഞ്ചായത്തംഗമായിരുന്ന ഭാര്യ രാധികയ്ക്ക് വരുമാനമൊന്നുമില്ല. രണ്ടുപെൺമക്കളും താത്കാലികജീവനക്കാരാണ്.
ചോർച്ചതടയാനായി ടാർപായ വാങ്ങിവെച്ചിട്ടുണ്ട്. ഉറപ്പില്ലാത്ത മേൽക്കൂരയ്ക്കുമുകളിൽക്കയറി ടാർപായയിടാൻ ആരും തയ്യാറാകുന്നില്ല.
