ചേലക്കരയില്‍ സ്ഥാനാര്‍ത്ഥികള്‍ ഇന്ന് പത്രിക നല്‍കും; പാലക്കാട് കൃഷ്ണകുമാറും പത്രിക സമര്‍പ്പിക്കും
തൃശൂര്‍: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയില്‍ മൂന്ന് മുന്നണികളുടേയും സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 11 മണിക്കാണ് ഇടത് സ്ഥാനാര്‍ഥി യു ആര്‍ പ്രദീപ് പത്രിക സമര്‍പ്പിക്കുക. വടക്കാഞ്ചേരി താലൂക്ക് ഓഫീസിലേക്ക് പ്രകടനമായി എത്തിയാണ് പ്രദീപ് പത്രിക സമര്‍പ്പിക്കുക.
എന്‍ഡിഎ സ്ഥാനാര്‍ഥി കെ ബാലകൃഷ്ണന്‍ പതിനൊന്നര മണിക്കാണ് പത്രിക സമര്‍പ്പിക്കുക. യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് ഉച്ചകഴിഞ്ഞ് ഒന്നരയോടെയും പത്രിക നല്‍കും. പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറും ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയും ഇന്ന് പത്രിക നല്‍കുന്നുണ്ട്.
യുഡിഎഫിന്റെ പ്രധാന നേതാക്കൾ ചേലക്കരയിൽ ക്യാമ്പ് ചെയ്താണ് പ്രവർത്തിക്കുന്നത്. ഇടതു മുന്നണിക്ക് ആവേശം പകരാൻ മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്ച മണ്ഡലത്തിലെത്തും. എൻഡിഎ സ്ഥാനാർഥി കെ ബാലകൃഷ്ണന് വേണ്ടി കുമ്മനം രാജശേഖരൻ, എപി അബ്ദുള്ളക്കുട്ടി അടക്കമുള്ള നേതാക്കൾ മണ്ഡലത്തിൽ സജീവമാണ്. കേന്ദ്രമന്ത്രിമാരെയും പ്രചരണത്തിനിറക്കാനാണ് എൻഡിഎയുടെ ആലോചന.