EDAPPAL

ചേകന്നൂർ കായൽ പാടശേഖരത്തിൽ കൃഷി പ്രതിസന്ധിയിൽ

എടപ്പാൾ : പതിറ്റാണ്ടുകളായി കൃഷി നടക്കുന്ന പാടശേഖരത്തിലൂടെയുള്ള തോടിന്റെ സംരക്ഷണഭിത്തികൾ തകർന്നത് കർഷകരെ ആശങ്കയിലാഴ്ത്തുന്നു. കൃഷിയിറക്കിയാൽ മഴക്കാലത്ത് തോട് പൊട്ടി വെള്ളം വയലിലേക്ക് കുത്തിയൊലിച്ച് നശിക്കുമെന്ന ആശങ്കയാണ് ഇനി കൃഷിയിറക്കണോയെന്ന് ചിന്തിപ്പിക്കുന്നത്. വട്ടംകുളം പഞ്ചായത്തിലെ ചേകന്നൂർ കായൽ പാടശേഖരത്തിലെ 50 ഏക്കറോളം വരുന്ന കൃഷിയിടത്തിലാണ് പ്രതിസന്ധി.വെള്ളക്കെട്ട് നിറഞ്ഞതാണ് ഈ പാടശേഖരം. ഇതിനോട് ചേർന്ന് ഒഴുകുന്ന ഒന്നര കിലോമീറ്ററോളം വരുന്ന ചേകന്നൂർ കായൽ തോടിന്റെ ഭിത്തിയാണ് തകർന്നത്. കാലവർഷം ശക്തമായാൽ തോട്ടിലൂടെയൊഴുകുന്ന വെള്ളം തോടിന്റെ ഭിത്തികൾ പൊട്ടി പലയിടങ്ങളിലൂടെ കൃഷിയിടത്തിലേക്കൊഴുകുകയാണ്. കൃഷി നശിക്കുകയും കർഷകരുടെ ലക്ഷക്കണക്കിന് രൂപയും അധ്വാനവും പാഴാവുകയുമാണെന്ന് കർഷകസമിതി പ്രസിഡന്റ് എം.എ. അബ്ദുൾ ജബ്ബാറും സെക്രട്ടറി കെ. ശങ്കരനുണ്ണിയും പറയുന്നു.

കുന്നിടിച്ചത് പ്രധാന കാരണം

കുന്നുകളാൽ സമ്പന്നമായിരുന്നു ചേകന്നൂർ. ഇവിടത്തെ കുന്നുകൾ മണ്ണുമാഫിയ ഇടിച്ചുനിരപ്പാക്കിയതോടെയാണ് മണ്ണിലൂർന്നിറങ്ങിയിരുന്ന വെള്ളം തോട്ടിലേക്കെത്തി തോട്ടിലെ ഒഴുക്ക് ശക്തമാകാനും ഗതി മാറാനും കാരണമായത്. ഉൾക്കൊള്ളാവുന്നതിലുമധികം വെള്ളമാണ് ഇപ്പോൾ തോട്ടിലെത്തുന്നത്. ഇതും തോടിന്റെ വശങ്ങളുടെ ബലക്കുറവും തിരിച്ചടിയായത് കർഷകർക്കാണ്. ഒരു കണ്ടം പൂർണമായും മണ്ണടിഞ്ഞ് കൃഷിയിറക്കാനാവാത്ത അവസ്ഥയിലാണ്.

പ്രതിസന്ധികൾ വേറെയും

അനുയോജ്യമായ വിത്തുകളുടെ ലഭ്യതക്കുറവ്, ഉത്പാദനച്ചെലവിലുണ്ടായ വർധന, തൊഴിലാളിക്ഷാമം, രാസവള വിലവർധന, കാലാവസ്ഥാ വ്യതിയാനങ്ങൾ, വിള ഇൻഷുറൻസ് ലഭിക്കാത്ത സാഹചര്യം, പന്നി, മയിൽ ശല്യം, ഉത്പാദിപ്പിച്ച നെല്ല് കയറ്റിക്കൊണ്ടുപോകാനുള്ള ഗതാഗതസൗകര്യക്കുറവ് തുടങ്ങിയവയെല്ലാം ഈ പാടശേഖരത്തിലെ കർഷകർ അനുഭവിക്കുന്നുണ്ട്.

ഇതെല്ലാം സഹിച്ചും കൃഷിയെ നെഞ്ചേറ്റിയവരാണ് പ്രതിസന്ധിയിലായത്.

പദ്ധതി നടപ്പാക്കാൻ അനുവദിക്കുന്നില്ല

ചേകന്നൂർ കായൽ പാടശേഖരത്തിലെ തോടിന്റെ ഭിത്തി സംരക്ഷിക്കാനും ആഴം കൂട്ടാനും ഭരണസമിതി പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. തോടിന്റെ സ്ഥലം ചിലർ കൈയേറിയെന്ന തർക്കം ഉയർന്നതിനെതുടർന്ന് നടപ്പാക്കാൻ പറ്റാത്തതാണ് പ്രശ്നം. നടപ്പാക്കണമെങ്കിൽ സർവേ നടത്തേണ്ട അവസ്ഥയുണ്ട്. തർക്കം പരിഹരിക്കാനായി ചർച്ച നടത്താൻ തീരുമാനിച്ചു.എം.എ. നജീബ്,

പ്രസിഡന്റ്, വട്ടംകുളം ഗ്രാമപ്പഞ്ചായത്ത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button