KERALA

റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന പൊലീസ് മേധാവി

തിരുവനന്തപുരം : സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറെ തെരഞ്ഞെടുത്തു. പ്രത്യേക മന്ത്രിസഭായോഗമാണ് റവാഡയെ പൊലീസ് മേധാവിയായി തെരഞ്ഞെടുത്തത്.

ഓൺലൈനായി ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. ദീർഘകാലമായി കേന്ദ്ര ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്ന റവാഡ, നിലവിൽ ഇന്റലിജൻസ് ബ്യൂറോയുടെ സ്പെഷ്യൽ ഡയറക്ടറാണ്. 1991 കേരളാ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ്.

തലശ്ശേരി എഎസ്പി ആയാണ് റവാഡയുടെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ചുമതലയേറ്റ് 48 മണിക്കൂറിലാണ് കൂത്തുപറമ്പ് വെടിവെപ്പുണ്ടാകുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് റവാഡ ചന്ദ്രശേഖർ ആരോപണ നിഴലിലായിരുന്നു. കുറ്റക്കാരനെന്ന് കണ്ടെത്തിയെങ്കിലും 2012-ൽ അദ്ദേഹം കുറ്റവിമുക്തനാക്കപ്പെട്ടു. പത്തനംതിട്ട എഎസ്പി, പാലക്കാട് ക്രൈം ബ്രാഞ്ച് എസ്പി, തിരുവനന്തപുരം പോലീസ് കമ്മിഷണർ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. കേന്ദ്ര ഡെപ്യൂട്ടേഷനിൽനിന്ന് നേരേ പോലീസ് മേധാവി സ്ഥാനത്തെത്തുന്നയാൾ എന്നൊരു പ്രത്യേകതയും റവാഡയുടെ സ്ഥാനാരോഹണത്തിലുണ്ട്.

സംസ്ഥാന പോലീസ് മേധാവി സ്ഥാനം ഒഴിയുമ്പോൾ പുതിയ മേധാവി അന്ന് തന്നെ അധികാരമേൽക്കുകയാണ് പതിവ്. എന്നാൽ, നിലവിൽ റവാഡ ചന്ദ്രശേഖർ ഡൽഹിയിലാണുള്ളത്. വൈകുന്നേരത്തോടെ തിരുവനന്തപുരത്ത് എത്തുകയുള്ളൂവെന്നാണ് വിവരം. ഇദ്ദേഹത്തിന് ഇന്ന് എത്താൻ കഴിഞ്ഞില്ലെങ്കിൽ പോലീസ് ഹെഡ് ക്വാർട്ടേഴ്സ് എഡിജിപിക്കോ അല്ലെങ്കിൽ മറ്റ് മുതിർന്ന ഉദ്യോഗസ്ഥനോ അധികാരം കൈമാറിക്കൊണ്ട് നിലവിലെ ഡിജിപി ഷേഖ് ദർവേഷ് സാഹിബ് സ്ഥാനമൊഴിയും.

കേരള ഡിജിപി സ്ഥാനത്തേക്ക് യുപിഎസ്സി നൽകിയ മൂന്നുപേരുടെ ചുരുക്കപ്പട്ടികയിലെ രണ്ടാമത്തെ പേരുകാരനായിരുന്നു ഇദ്ദേഹം. നിധിൻ അഗർവാളായിരുന്നു ഒന്നാം പേരുകാരൻ. സംസ്ഥാനത്തെ ഏറ്റവും സീനിയർ ഐപിഎസ് ഓഫീസറും നിധിനായിരുന്നു. സംസ്ഥാന ഫയർഫോഴ്സ് മേധാവി യോഗേഷ് ഗുപ്തയായിരുന്നു മൂന്നാംപേരുകാരൻ.


   

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button