KUTTIPPURAM

ചെല്ലൂരിൽ നിന്ന് കുടിവെള്ളം ചോർത്താനുള്ള ശ്രമങ്ങൾ നാട്ടുകാർ തടഞ്ഞു

കുറ്റിപ്പുറം : ചെല്ലൂരിൽ നിന്ന് കുടിവെള്ളം ചോർത്താനുള്ള ശ്രമങ്ങൾ നാട്ടുകാർ തടഞ്ഞു.കുറ്റിപ്പുറം പഞ്ചായത്തിലെ ചെല്ലൂർകുന്നിലാണ് ജനങ്ങളെ തെറ്റിധരിപ്പിച്ച് പൈപ്പ് ലൈൻ സ്ഥാപിക്കാനുളള ശ്രമങ്ങൾ നാട്ടുകാർ തടഞ്ഞത്. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. ചെല്ലൂർകുന്നിലെ മിച്ചഭൂമിക്കടിയിലൂടെ പത്ത് ഇഞ്ച് കനമുളള പൈപ്പ്‌ലൈൻ കൊണ്ടുപോകാനുളള ശ്രമങ്ങളാണ് നാട്ടുകാർ ഇടപെട്ട് നിർത്തിവെപ്പിച്ചത്. ജൽജീവൻമിഷൻ കുടിവെളള പദ്ധതിയുടെ പൈപ്പ് ലൈനുകൾ സ്ഥാപിക്കുകയാണെന്നാണ് ആദ്യഘട്ടത്തിൽ നിർമാണ തൊഴിലാളികളും മറ്റുജീവനക്കാരും പറഞ്ഞിരുന്നത്. എന്നാൽ, ജൽജീവൻമിഷന്റെ പൈപ്പുലൈനുകൾ നേരത്തെ ഈ ഭൂമിയിൽ സ്ഥാപിച്ചിട്ടുണ്ടെന്ന് നാട്ടുകാർ അറിയിച്ചതോടെ ഉദ്യോഗസ്ഥരും തൊഴിലാളികളും മലക്കംമറിഞ്ഞു. പിന്നീട് കിൻഫറയിൽ താമസിക്കുന്ന തൊഴിലാളികൾക്ക് കുടിവെളളം നൽകുന്ന പദ്ധതിയാണെന്നായി.ഇതോടെ സംശയം തോന്നിയ നാട്ടുകാർ സംഭവം തിരൂർ ഡെപ്യൂട്ടി തഹസിദാറെ അറിയിച്ചു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഡെപ്യൂട്ടി തഹസിദാർ നടത്തിയ പരിശോധനയിൽ മുൻകൂട്ടിയുളള അനുമതികൾ ഇല്ലാതെയാണ് നിർമാണപ്രവൃത്തികൾ നടത്തുന്നതെന്ന് കണ്ടെത്തി.ഇതോ തുടർന്ന് പൈപ്പുലൈനിടുന്ന പ്രവൃത്തികൾ നിർത്തിവെക്കാൻ ഡെപ്യൂട്ടി തഹസിദാർ നിർദേശിച്ചു. നിർമാണപ്രവൃത്തികൾക്കായി കൊണ്ടുവന്ന ടിപ്പർ ലോറിക്കും ജെസിബിക്കും മതിയായ രേഖകളില്ലെന്ന് നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തി.ഇതോടെ വിഷയത്തിൽ നാട്ടുകാർ കുറ്റിപ്പുറം പൊലിസിൽ പരാതി നൽകി.ചെല്ലൂർകുന്നിൽ മാലിന്യസംസ്‌കരണ പ്ലാന്റ് നിർമിക്കാൻ സർക്കാർ കണ്ടെത്തിയ ഭൂമിയിലാണ് പൈപ്പുലൈൻ നിർമാണപ്രവൃത്തികൾ നടക്കുന്നത്. മാലിന്യപ്ലാന്റുമായി ബന്ധപ്പെട്ട് നാട്ടുകാരും സർക്കാരും തമ്മിലുളള തർക്കങ്ങൾ ഹൈക്കോടതിയിലാണ്.മാലിന്യസംസ്‌കരണ പ്ലാന്റുമായി ബന്ധപ്പെട്ട നടപടികൾ നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.രൂക്ഷമായ കുടിവെളള ക്ഷാമം നേരിടുന്ന പ്രദേശംകൂടിയാണ് ചെല്ലൂർകുന്ന്. സഫകുടിവെളള പദ്ധതിയുടെ ഭാഗമായി കായൽപ്പാടത്ത് നിർമിച്ച കിണറിൽ നിന്ന് അനധികൃതമായി വെളളം ചോർത്തികൊണ്ടുപോകാനുളള ശ്രമങ്ങളാണ് നാട്ടുകാർ തടഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button