ചൂട് കാരണം മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കാം, വാഹനങ്ങളില്‍ ഫുള്‍ ടാങ്ക് ഇന്ധനമടിക്കരുത്; വ്യാജപ്രചരണങ്ങള്‍ക്കെതിരെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
ചൂടുമായി ബന്ധപ്പെട്ട് സിവില്‍ ഡിഫൻസ് വകുപ്പിന്റെ പേരില്‍ നടക്കുന്ന വ്യാജപ്രചാരണങ്ങളില്‍ വഞ്ചിതരാകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.
ഇത്തരം വ്യാജ പ്രചാരണങ്ങളും ദുരന്ത നിവാരണ നിയമം 2005, സെക്ഷൻ 54 അനുസരിച്ച് ശിക്ഷാർഹമാണ്. ഏപ്രില്‍ 29 മുതല്‍ മെയ് 12 വരെ താപനില 45 ഡിഗ്രി മുതല്‍ 55 ഡിഗ്രി വരെ ഉയരും എന്നും തുറസായ സ്ഥലങ്ങളില്‍ നില്‍ക്കരുതെന്നും ചൂട് മൂലം മൊബൈല്‍ ഫോണുകള്‍ പൊട്ടിത്തെറിക്കാം. കാറുകളില്‍ ഇന്ധന ടാങ്കുകള്‍ മുഴുവനായി നിറയ്ക്കരുത് തുടങ്ങിയ നിർദേശങ്ങള്‍ അടങ്ങിയ വാട്സാപ്പ് പ്രചാരണമാണ് പ്രചരിക്കുന്നത്. സിവില്‍ ഡിഫൻസ് വകുപ്പ് എന്ന പേരിലാണ് സന്ദേശം പ്രചരിക്കുന്നത്.
കേരളത്തില്‍ സിവില്‍ ഡിഫൻസ് എന്ന വകുപ്പ് ഇല്ല. കേരളത്തിലെ സിവില്‍ ഡിഫൻസ് അഗ്നിരക്ഷാസേനയുടെ കീഴില്‍ പ്രവർത്തിക്കുന്ന സന്നദ്ധ സേനയാണ്. ഔദ്യോഗിക അറിയിപ്പുകള്‍ക്കും മുന്നറിയിപ്പുകള്‍ക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ (KSDMA ) ഔദ്യോഗിക പേജുകള്‍, വെബ്സൈറ്റ് എന്നിവ സന്ദർശിക്കുക. കേരളത്തില്‍ താപനില 54 ഡിഗ്രി ആകുമെന്ന് പ്രവചനം കേന്ദ്ര കാലാവസ്ഥ വകുപ്പും പുറത്തിറക്കിയിട്ടില്ലെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
സിവില്‍ ഡിഫൻസ് വകുപ്പിന്റെ പേരില്‍ പ്രചരിക്കുന്ന സന്ദേശം
ഏപ്രില്‍ 29 മുതല്‍ മെയ് 12 വരെ, രാവിലെ 10 മണി മുതല്‍ ഉച്ചകഴിഞ്ഞ് 3 മണി വരെ ആരും (പ്രത്യേകിച്ച് തുറസ്സായ സ്ഥലങ്ങളില്‍) പുറത്തിറങ്ങരുത്. താപനില 45°C മുതല്‍ 55°C വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആർക്കെങ്കിലും ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയോ പെട്ടെന്ന് അസുഖം അനുഭവപ്പെടുകയോ ചെയ്താല്‍ ഉടൻ ഒരു ഡോക്ടറെ സമീപിക്കുക. ശരിയായ വായുസഞ്ചാരത്തിനായി മുറികളുടെ വാതിലുകള്‍ തുറന്നിടുക. അമിതമായ ചൂട് കാരണം സ്ഫോടന സാധ്യതയുള്ളതിനാല്‍ മൊബൈല്‍ ഫോണുകളുടെ ഉപയോഗം കുറയ്ക്കുക. ശ്രദ്ധിക്കുക, ഈ വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്കിടുക.
തൈര്, മോര്, വെറ്റില നീര് തുടങ്ങിയ ശീതളപാനീയങ്ങള്‍ ധാരാളം കുടിക്കുക. തണുത്ത സ്ഥലങ്ങളില്‍ തേളുകളും പാമ്പുകളും വീടുകളില്‍ പ്രവേശിക്കാം, അതിനാല്‍ ശ്രദ്ധിക്കുക. ധാരാളം വെള്ളവും ദ്രാവകങ്ങളും കുടിക്കുക. ഗ്യാസ് സിലിണ്ടർ വെയിലത്ത് വയ്ക്കരുത്. വൈദ്യുതി മീറ്ററുകളില്‍ അധികം ലോഡ് വയ്ക്കരുത്. ആവശ്യമായ മുറികളില്‍ മാത്രം എയർ കണ്ടീഷനിംഗ് ഉപയോഗിക്കുക. ഓരോ 2-3 മണിക്കൂറിലും കുറഞ്ഞത് 30 മിനിറ്റ് ഇടവേള എടുക്കുക. പുറത്തെ താപനില 45-47°C ആയിരിക്കുമ്പോള്‍, എസി 24-25°C ആയി സജ്ജമാക്കുക. രാവിലെ 10 നും 3 നും ഇടയില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.