ചിക്കന്‍പോക്‌സും വാക്‌സിന്‍ ചികിത്സയും ഡൂഡിളില്‍; വൈറോളജിസ്റ്റിന്റെ പിറന്നാളാഘോഷിച്ച് ഗൂഗിള്‍

കാലിഫോര്‍ണിയ: ഗൂഗിളിന്റെ ഹോം പേജില്‍ ലോഗോയില്‍ താല്‍ക്കാലികമായി പ്രത്യേകം വരുത്തുന്ന മാറ്റങ്ങളെയാണ് ഡൂഡിള്‍ എന്ന് വിശേഷിപ്പിക്കുന്നത്. ഇത്തരത്തില്‍ മാറ്റം വരുത്തിയ ഫെബ്രുവരി 17ലെ ഗൂഗിളിന്റെ ഡൂഡിള്‍ ശ്രദ്ധ നേടുകയാണ്.
ചിക്കന്‍പോക്‌സിനെതിരായ വാക്‌സിന്‍ വികസിപ്പിച്ചെടുത്തതില്‍ പ്രധാന പങ്ക് വഹിച്ച വൈറോളജിസ്റ്റ് ഡോക്ടര്‍ മിഷ്യാകി തകാഹഷിയുടെ പിറന്നാള്‍ ദിനമാണ് ഡൂഡിള്‍ വഴി ഗൂഗിള്‍ ആഘോഷിക്കുന്നത്. ജാപ്പാന്‍ സ്വദേശിയാണ് ഡോ. മിഷ്യാകി തകാഹഷി.
ചിക്കന്‍പോക്‌സിനെയും അതിനെതിരായ വാക്‌സിനേഷന്‍ ചികിത്സയെയും സൂചിപ്പിക്കുന്ന പ്രതീകാത്മക ചിത്രങ്ങളാണ് ഫെബ്രുവരി 17ലെ ഗൂഗിള്‍ ഡൂഡിളിലുള്ളത്
ടോക്യോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആര്‍ടിസ്റ്റ് താട്‌സുരൊ ക്യുചി ആണ് ഡൂഡിള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്
ഇത്തരത്തില്‍ വിവിധ മേഖലകളില്‍ പ്രശസ്തരായവരുടെ ജന്മദിനങ്ങളിലും മറ്റ് വിശേഷ ദിവസങ്ങളിലും ഗൂഗിള്‍ വ്യത്യസ്തമായ ഡൂഡിളുകള്‍ അവതരിപ്പിക്കാറുണ്ട്.
1974ലായിരുന്നു തകാഹഷി ചിക്കന്‍പോക്‌സിനെതിരായ വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. ഇത്തരത്തില്‍ വാക്‌സിന്‍ വികസിപ്പിച്ച ആദ്യത്തെയാളായിരുന്നു തകാഹഷി.
ഒക (Oka) എന്നായിരുന്നു വാക്‌സിന് നല്‍കിയ പേര്. ലോകാരോഗ്യ സംഘടന വാക്‌സിന്‍ അംഗീകരിക്കുകയും ലോകവ്യാപകമായി ഇത് ഉപയോഗിക്കുകയും ചെയ്തിരുന്നു.
വൈറസ് രോഗമായ ചിക്കന്‍പോക്‌സ് ഗുരുതര സ്ഥിതിയിലേക്ക് മാറുന്നതിനെയും മറ്റുള്ളവരിലേക്ക് കൂടുതലായി പകരുന്നതിനെയും പ്രതിരോധിക്കാന്‍ ഒക വാക്‌സിന് സാധിക്കുമെന്നും തെളിഞ്ഞിട്ടുള്ളതാണ്.
1928 ഫെബ്രുവരി 17നായിരുന്നു തകാഹഷിയുടെ ജനനം. 2013 ഡിസംബറില്‍ തന്റെ 85ാം വയസില്‍ ഇദ്ദേഹം മരണപ്പെട്ടു.
