ചാലിശ്ശേരി

ചാലിശ്ശേരി മുലയംപറമ്പ് പൂരം ഇന്ന് നടക്കും’പതിരു വാണിഭത്തിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങൾ

ചാലിശ്ശേരി:പ്രശസ്തമായ ചാലിശ്ശേരി മുലയംപറമ്പ് പൂരം ഇന്ന് നടക്കും.ഉത്സവത്തിന്റെ ഭാഗമായി ശനിയാഴ്ച നടന്ന പതിരു വാണിഭവും ശ്രദ്ധേയമായി.നാട്ടു സാധനങ്ങൾ വിൽക്കാനും,വാങ്ങിക്കാനും ,വാണിഭക്കാഴ്ചകൾ ആസ്വദിക്കാനുമായി ചാലിശ്ശേരി മൈതാനിയിലേക്ക് പതിനായിരങ്ങൾ ഒഴുകിയെത്തി.സ്ത്രീകളും,കുട്ടികളും ഉൾപ്പെടെ ഗ്രാമീണ കാർഷിക ആഘോഷമായ പതിരു വാണിഭം മുലയമ്പറമ്പത്ത് പൂരാഘോഷത്തിൻ്റെ പ്രധാന ഭാഗമാണ്.പരമ്പരാഗത ശൈലിയിൽനാട്ടുകച്ചവടങ്ങളെല്ലാം ഇല്ലാതായി വരുന്ന ന്യൂജൻ കാലത്തും ചാലിശ്ശേരിയിലെപതിരുവാണിഭത്തിൽജനത്തിരക്കേറുന്നത് ശ്രദ്ധേയമാണ്.ന്യൂജെൻ കാലം സൂപ്പർ മാർക്കറ്റുകളിക്കും മാളുകളിലേക്കും മാറിയതോടെ സമീപ പ്രദേശങ്ങളിലെ ഉത്സവാഘോഷങ്ങളിലുണ്ടായിരുന്ന പതിരു വാണിഭങ്ങൾ ഏറെക്കുറെ ഇല്ലാതായി.എന്നാൽ, പ്രസിദ്ധമായ ചാലിശ്ശേരി മുലയമ്പറമ്പത്ത് കാവ് ക്ഷേത്രത്തിലെ പതിരുവാണിഭത്തിന് പൂരത്തിൻ്റെ അതേ പ്രൗഢിയും,വിശ്വാസ്യതയുമുണ്ട്. ശനിയാഴ്ച ഉച്ചക്ക് ഒരു മണി മുതൽ വിവിധ കാർഷിക ഉല്പന്നങ്ങളും, കച്ചവട സാധനങ്ങളുമായി അയൽഗ്രാമങ്ങളിൽ നിന്ന് ആളുകളെത്തി.സമൃദ്ധിയുടെ ആഘോഷത്തിൽ പങ്കാളികളാവാൻ അയൽ സംസ്ഥാനത്ത് നിന്ന് വരെ കച്ചവടക്കാർ എത്തിയിരുന്നു.(പതിരുവാണിഭത്തിൽ പതിവായി എത്തുന്ന കച്ചവടക്കാരുടെ നീണ്ടനിരക്ക് ഈ വർഷവും കുറവുണ്ടായില്ല. )

വൈകിട്ട് നാലു മുതൽ പുലർച്ചെ അഞ്ചു മണി വരെയാണ് പതിർവാണിഭം.കാർഷിക വിളകളുടെ വില്പന കേന്ദ്രമായിരുന്ന പഴയകാല വാണിഭ കേന്ദ്രത്തിൽ കർഷകർക്ക് ആവശ്യമായ പണിയായുധങ്ങൾ, വിത്തുകൾ,നാട്ടിലെ ഉൽപ്പന്നങ്ങൾ എന്നിവ വിൽക്കാനും വാങ്ങിക്കാനും സാധ്യമായി.കോഴിക്കോട്, കണ്ണൂർ, തൃശൂർ ,പാലക്കാട്, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കച്ചവടക്കാരും ആവശ്യക്കാരും കാഴ്ചക്കാരും കൂട്ടമായി ഇവിടെ എത്തിയതോടെ വിശാലമായ മുലയം പറമ്പത്ത് ക്ഷേത്ര മൈതാനിയിൽ നിന്ന് തിരിയാൻ ഇടമില്ലാത്ത തിരക്കായി. ഉണക്ക മത്സ്യം ആണ് പതിരു വാണിഭത്തിലെ പ്രധാന ഇനം. പുഴമീനും, വിവിധ ഇനം ശുദ്ധജല മത്സ്യങ്ങളും ധാരാളമായി ഇവിടെ വില്പനക്കെത്തി.കൊമ്പൻ സ്രാവ് മുതൽ നാട്ടിൻ പുറത്ത് കാണുന്ന വരാൽ വരെ വാങ്ങിക്കാൻ ജനങ്ങളുടെ തിക്കും തിരക്കും പുലരും വരെ തുടർന്നു. 500 രൂപയാണ് സ്രാവിന്റെ ശരാശരി വില. കടലിലെ വിലപിടിച്ച ആവോലി, അയ്ക്കോറ ,വാളമീൻ, നെയ്മീൻ , ചെമ്മീൻ തുടങ്ങിയ എല്ലാ മത്സ്യങ്ങളും ഇവിടെ വാങ്ങിക്കാനായി.ഇടിച്ചക്ക മുതൽ, പഴുത്ത ചക്ക വരെ, പച്ചമാങ്ങ മുതൽ വിവിധ ഇനം അച്ചാറുകൾ, നാടൻ പഴങ്ങൾ, വാഴകൾ, വാഴക്കന്നുകൾ, വിത്തുകൾ, കൈക്കോട്ടുകൾ, കൈക്കോട്ട് തായകൾ, ഇരുമ്പ് പണി ആയുധങ്ങൾ, വളങ്ങൾ, വളർത്തു കോഴികൾ, മാലകൾ, കുപ്പി വളകൾ, ചാന്ത് – പൊട്ട് വരെ ഇവിടുത്തെ ഏകദിന ചന്തയിൽ കാണാനായി.ഇതര സംസ്ഥാനത്തു നിന്നെത്തിയ സർക്കസുകാരും യന്ത്ര ഊഞ്ഞാലുകാരും കളിപ്പാട്ട വില്പനക്കാരും ഈ വർഷവും പൂരവാണിഭദിനത്തിൽവിപണനത്തിനെത്തി.പതിരില്ലെങ്കിലും പഴമയുടെ ലാവണ്യമായി കൊട്ടയും, വട്ടിയുമായി എത്തുന്ന പഴയകാല കാരണവന്മാർ അത്യാവശ്യം ഒരു വർഷത്തേക്ക് വേണ്ടുന്ന വിത്തും പണിയായുധങ്ങളുമൊക്കെ വാങ്ങിയാണ് ഇവിടെനിന്ന് മടങ്ങിയത്.മുണ്ടകൻ കൊയ്ത്ത് കഴിഞ്ഞ് നെല്ലും പതിരും വേർതിരിച്ച് വരുന്ന കല്ലും മുറിപ്പതിരുമായിട്ടാണ് മുമ്പ് ആളുകൾ വന്നതെങ്കിൽ ഇപ്പോൾ മടിനിറയെ കാശ് വേണമെന്ന സ്ഥിതിയാണുള്ളതെന്ന് കാരണവന്മാർ പറഞ്ഞു.ചട്ടിയും, കുടുക്കയും, മാത്രം വിറ്റിരുന്ന മൺപാത്ര കച്ചവടം നവീന മാതൃകയിലുള്ള വിവിധ തരം മൺപാത്ര നിർമ്മിതികളിലേക്ക് മാറിയതായും കാണാനായി.കൗതുകവും ഭംഗിയുമുള്ള, മൺപാത്രങ്ങൾക്ക് നല്ല ചിലവുണ്ടായതായി ആറങ്ങോട്ടുകര എഴുമങ്ങാട് ഭാഗത്തെ മൺപാത്രകച്ചവടക്കാർ പറഞ്ഞു.മരത്തിലും മണ്ണിലും തീർത്ത കൗതുക വസ്തുക്കൾ,ഓടയിലും മുളയിലും നിർമ്മിച്ച മുറം, കുട്ടകൾ ,വട്ടികൾ, വിശറികൾ,തൊപ്പികുടകൾ, ചൂല്,ഓട്ടുവിളക്ക്, പിച്ചള പാത്രങ്ങൾ തുടങ്ങി മിക്ക പരമ്പരാഗത ഉൽപ്പന്നങ്ങളും വിപണിയിലെത്തിയിരുന്നു.അയൽപ്രദേശങ്ങളിൽ നിന്ന് നൂറുകണക്കിന് കെെനോട്ടക്കാരായ കുറത്തികളും മുലയമ്പറമ്പത്ത് കാവ് പൂരത്തിൻ്റെയും വാണിഭത്തിൻ്റെയും മറ്റൊരാകർഷണമാണ്. രാത്രിയിൽ ചെറുവെളിച്ചത്തിൽ കൈനോട്ടക്കാർ മൈതാനിയിൽ നിറഞ്ഞിരിക്കുന്നതും കാണാമായിരുന്നു.രാത്രി കച്ചവടത്തിന് തടസ്സമില്ലാത്ത വിധം ആവശ്യമായ വെളിച്ച സൗകര്യവും, സുരക്ഷാ ക്രമീകരണങ്ങളുമെല്ലാം ഏർപ്പെടുത്തിയിരുന്നതായും, വാണിഭം പൂര ദിവസം രാവിലെ എട്ടു വരെ നീളാറുണ്ടെന്നും കേന്ദ്ര പൂരാഘോഷ കമ്മിറ്റി ഭാരവാഹികളായ കെ.കെ.മുരളി,ശ്രീജിത്ത് പടിഞ്ഞാറെ മുക്ക്, സി.കെ.സുഷി ആലിക്കര,എന്നിവർ പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button