ചലോ’ കെഎസ്ആര്‍ടിസി: ബസിന്റെ സഞ്ചാരപാത അറിയാനും, ബുക്ക് ചെയ്യാനും ചലോ ആപ് ഉടനെത്തും
ട്രെയിൻ ആപ്പുകൾക്ക് സമാനമായി ബസിന്റെ സഞ്ചാരപാത അറിയാൻ സാധിക്കുന്ന ചലോ ആപ് ഉടൻ എത്തും. കൂടാതെ ഈ ആപ്പ് വഴി കെഎസ്ആർടിസി ബസ് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഉണ്ടായിരിക്കും. കെഎസ്ആര്‍ടിസി പൂർണമായും ഡിജിറ്റൽവത്കരിക്കുന്നതിന്റെ ഭാഗമായാണ് ചലോ ആപ്പ് എത്തുന്നത്.
മൂന്നുമാസത്തിനുള്ളിൽ പൂർണമായും കെഎസ്ആർടിസി ഡിജിറ്റൽവൽക്കരിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ്കുമാർ പറഞ്ഞു. രണ്ട് മാസത്തിനുള്ളിൽ തന്നെ ആൻഡ്രോയ്‌ഡ് ടിക്കറ്റ് മെഷീൻ നടപ്പാക്കും. ഭാവിയിൽ ബസിനുള്ളിൽ ലഘുഭക്ഷണം ഓർഡർ ചെയ്‌ത് എത്തിക്കാനുള്ള സൗകര്യവുമൊരുക്കും.
സൂപ്പർഫാസ്‌റ്റുകൾ ചാർജ് വർധിപ്പിക്കാതെ എസി ആക്കുവാനുള്ള പദ്ധതിയുണ്ടെന്നുള്ള കാര്യവും ‘പൊതുഗതാഗതം: നാം മുന്നേറേണ്ടത് എങ്ങനെ’ എന്ന കേരള ലിറ്ററേച്ചർ ഫെസ്‌റ്റിവലിലെ സെഷനിൽ മന്ത്രി കെ ബി ഗണേഷ്കുമാർ പറഞ്ഞു. ഇതിന്റെ ട്രയൽറൺ ഉടൻ തുടങ്ങും എന്നും മന്ത്രി പറഞ്ഞു.
ഒന്നാംതീയതി തന്നെ ജീവനക്കാർക്ക് ശമ്പളം വിതരണംചെയ്യുന്ന പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും. ഒരു ഫയലും അഞ്ചുദിവസത്തിൽ കൂടുതൽ പിടിച്ചുവയ്‌ക്കരുതെന്ന് കെഎസ്ആർടിസി, മോട്ടാർവാഹന വകുപ്പുകളോട് നിർദേശിച്ചിട്ടുണ്ടെന്നും സെഷനിൽ മന്ത്രി പറഞ്ഞു.
ലൈസൻസ് ഉടൻ ഫോണിൽ ലഭ്യമാക്കുന്നതിനായി മോട്ടോർവാഹന ഉദ്യോഗസ്ഥർക്ക് ടാബ് വിതരണം ചെയ്യും ഡ്രൈവിങ് ടെസ്‌റ്റ് കാമറയിൽ ചിത്രീകരിക്കുന്നതും ആലോചനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു