MALAPPURAM

മോഷ്ടിച്ച ബൈക്കിൽ കറങ്ങി കവർച്ച; രണ്ടുപേർ അറസ്റ്റിൽ

പെരിന്തല്‍മണ്ണ: മോഷ്ടിച്ച ബൈക്കുമായി കറങ്ങിനടന്ന് മോഷണം പതിവാക്കിയ രണ്ടുപേരെ പെരിന്തല്‍മണ്ണ പൊലീസ് പിടികൂടി. ആലപ്പുഴ ചേര്‍ത്തല പള്ളിപ്പുറംകര അമ്പനാട്ട് വീട്ടില്‍ മഹേഷ് (46) ആലുവ അശോകപുരം കുറിയിക്കാട് വീട്ടില്‍ മുഹമ്മദ് യാസീന്‍ (27) എന്നിവരെയാണ് എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്തത്.സെപ്റ്റംബര്‍ 23ന് രാത്രി പെരിന്തല്‍മണ്ണ ജില്ല ആശുപത്രിക്ക് സമീപം കെ.എം കോംപ്ലക്സില്‍ നിര്‍ത്തിയിട്ട ബൈക്കാണ് മോഷ്ടിച്ചത്. ഉടമ പുറത്തു പോയി തിരിച്ചുവന്ന സമയം ബൈക്ക് കാണാനില്ലായിരുന്നു.

തുടര്‍ന്ന് പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കി. അപരിചിതനായ വ്യക്തി ബൈക്കെടുത്ത് വേറൊരാളെ കയറ്റി കടന്നുപോവുന്ന ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞതിന്‍റെ ചുവടുപിടിച്ചായിരുന്നു അന്വേഷണം. പിടിയിലായ മഹേഷിനെതിരെ സംസ്ഥാനത്ത് 40ഓളം കേസുകളുണ്ട്. റോഡുകളില്‍നിന്നും വീടുകളില്‍നിന്നും കമ്ബികള്‍, പൈപ്പ് എന്നിവ മോഷ്ടിച്ച്‌ വിറ്റ കേസുകള്‍ യാസീന്‍റെ പേരിലുമുണ്ട്.

പ്രതികളെ പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത് ജയിലിലയച്ചു. മോഷ്ടിച്ച ബൈക്ക് ഇവരില്‍നിന്ന് കണ്ടെടുത്തു. മോഷ്ടിച്ച ബൈക്കില്‍ യാത്ര ചെയ്ത് അതേ ദിവസം രാത്രി ആളില്ലാത്ത വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചതായി ചോദ്യം ചെയ്യലില്‍ പ്രതികള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു.പെരിന്തല്‍മണ്ണ എസ്.എച്ച്‌.ഒ സി. അലവിയുടെ നിര്‍ദേശാനുസരണം എസ്.ഐ എ.എം. യാസിറിന്‍റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എ.എസ്.ഐ വിശ്വംഭരന്‍, എസ്.സി.പി.ഒ കെ.എസ്. ഉല്ലാസ്, സി.പി.ഒമാരായ മിഥുന്‍, ഷജീര്‍, സത്താര്‍, സല്‍മാന്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button