NATIONAL

നവജ്യോത് സിംഗ് സിദ്ദു പഞ്ചാബ് പി.സി.സി അധ്യക്ഷ സ്ഥാനം രാജിവെച്ചു

നവജ്യോത് സിങ് സിദ്ദു പഞ്ചാബ് പി.സി.സി അധ്യക്ഷ സ്ഥാനം രാജിവെച്ചു. ഇത് സംബന്ധിച്ച് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് സിദ്ധു രാജികത്ത് അയച്ചു. അതേസമയം കോണ്‍ഗ്രസ്സിന് വേണ്ടിയുള്ള പ്രവര്‍ത്തനം തുടരുമെന്നും പഞ്ചാബിന്റെ ഭാവിയില്‍ വിട്ടുവീഴ്ചക്കില്ലെന്നും സിദ്ദു വ്യക്തമാക്കി.
പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം അമരീന്ദര്‍ സിംഗ് രാജിവയ്ക്കുകയും പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുകയും ചെയ്തതിന് പിന്നാലെയാണ് സിദ്ദുവിന്റെ രാജി. വ്യക്തിത്വം പണയപ്പെടുത്തി ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറല്ലെന്ന് രാജിക്കത്തില്‍ കുറിച്ചാണ് സിദ്ദു പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നത്.
പഞ്ചാബില്‍ പുതുതായി ചുമതലയേറ്റ ചന്നി സര്‍ക്കാരില്‍ തന്റെ അനുയായികളായ എംഎല്‍എമാരെ ഉള്‍പ്പെടുത്താതിരുന്നതില്‍ സിദ്ദുവിന് കടുത്ത അമര്‍ഷമുണ്ടായിരുന്നതായാണ് വിവരം. മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകളില്‍ സിദ്ദുവിനെ എഐസിസി നേതൃത്വം പൂര്‍ണമായും മാറ്റി നിര്‍ത്തിയിരുന്നു.
അതേസമയം സിദ്ദുവിന്റെ രാജിയെ രൂക്ഷമായി വിമര്‍ശിച്ച് പഞ്ചാബ് മുന്‍മുഖ്യമന്ത്രി അമരീന്ദര്‍സിംഗ് രംഗത്ത് എത്തി. ‘അയാള്‍ക്ക് സ്ഥിരതയില്ല, പഞ്ചാബ് പോലൊരു അതിര്‍ത്തി സംസ്ഥാനത്തെ നയിക്കാന്‍ അയാള്‍ യോഗ്യനല്ല ഇതാണ് ഞാന്‍ നേരത്തെ പറഞ്ഞത് എന്ന് സിദ്ധുവിനെ കുറ്റപ്പെടുത്തി അമരീന്ദര്‍ ട്വിറ്ററില്‍ കുറിച്ചു. സിദ്ദുവുമായുള്ള ഭിന്നതരൂക്ഷമായതോടെയാണ് അമരീന്ദര്‍ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. രാജിവച്ച ശേഷം സിദ്ദുവിനും കോണ്‍ഗ്രസ് നേതൃത്വത്തിനുമെതിരെ പരസ്യപ്രസ്താവനയുമായി അമരീന്ദര്‍ രംഗത്ത് വന്നിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button