പ്രശസ്ത ഇടയ്ക്ക കലാകാരൻ മണികണ്ഠൻ പെരിങ്ങോടിനെ ചാലിശ്ശേരി ജനമൈത്രി പോലീസ് ആദരിച്ചു


ചാലിശ്ശേരി: പ്രശസ്ത ഇടയ്ക്ക കലാകാരൻ മണികണ്ഠൻ പെരിങ്ങോടിനെ ചാലിശ്ശേരി ജനമൈത്രി പോലീസ് ആദരിച്ചു. സബ്ബ് ഇൻസ്‌പെക്ടർ സുധീരൻ, എ.എസ്.ഐ ചാക്കോ, ജനമൈത്രി ബീറ്റ് ഓഫീസർ ശ്രീകുമാർ, സി.പി.ഒ ഉക്കാഷ്, ചാലിശ്ശേരി പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവശ്ശേരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
1989,1990 എന്നീ വർഷങ്ങളിൽ പെരിങ്ങോട് മണികണ്ഠനാശാന്റെ കീഴിലാണ് മണികണ്ഠൻ എന്ന കലാകാരൻ ഇടയ്ക്ക പരിശീലനം നേടിയത്. 1993,1994 എന്നീ വർഷങ്ങളിൽ കേരള സംസ്ഥാന യുവജനോത്സവത്തിൽ പെരിങ്ങോട് ഹൈസ്കൂൾ പഞ്ചവാദ്യ ടീമിൽ ചേർന്ന് മത്സര വിജയം നേടി. കേരളത്തിലുടനീളം പഞ്ചവാദ്യത്തിൽ ഇടയ്ക്കയും, ഇടയ്ക്ക വിസ്മയ പരിപാടികളും നടത്തി വരുന്നതോടൊപ്പം, ആശാന്റെ അഭാവത്തിൽ സംഘത്തിലെ കുട്ടികൾക്ക് പരിശീലനവും മണികണ്ഠൻ നൽകുന്നുണ്ട്.
ഞെരളത്ത് ഹരി ഗോവിന്ദനൊപ്പം സോപാന സംഗീതത്തിനും, മറ്റു ചില ട്രൂപ്പുകളിൽ തിരുവാതിരകളിക്കും ഇടയ്ക്ക വായിക്കാനും പങ്കെടുത്തു വരുകയാണ് മണികണ്ഠനിപ്പോൾ.
1999 ലെ ലക്നൗവിൽ നടന്ന നാഷ്ണൽ യൂത്ത് ഫെസ്റ്റിവെൽ പരിപാടിയിൽ പഞ്ചവാദ്യത്തിനു പങ്കെടുത്ത മണികണ്ഠൻ 2012 ആഗസ്റ്റിൽ നടന്ന ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൻ്റെ 301 ൽ പരം കലാകാരന്മാർ പങ്കെടുത്ത പഞ്ചവാദ്യത്തിലും തൻ്റേതായ സാന്നിധ്യം അറിയിച്ചു.
2017 ൽ ഷൊർണൂർ “നിളയോരത്ത് പാട്ടോളം ” എന്ന ഞെരളത്ത് രാമ പൊതുവാൾ സ്മാരക സംഗീതോത്സവ പരിപാടിയിൽ ഇടയ്ക്ക വിസ്മയം അവതരിപ്പിച്ചു. 2018 ൽ രാജസ്ഥാനിലെ “ശിൽപഗ്രാം ഉത്സവ്” പരിപാടിയിൽ പഞ്ചവാദ്യത്തിന് ഇടയ്ക്ക വായിക്കാനും ഉണ്ടായിരുന്നു. 2019 ൽ കേരള ക്ഷേത്ര വാദ്യകല അക്കാദമിയുടെ വാർഷിക സമ്മേളന വേദിയിൽ “ഇടയ്ക്ക വിസ്മയം” പരിപാടി നടത്തി.ഉത്സവ പരിപാടികൾ ഇപ്പോഴും മണികണ്ഠൻ അവതരിപ്പിച്ചു വരുന്നു.













