ചങ്ങരംകുളം ചിയ്യാനൂരിലെ വീട്ടിൽ മോഷണം : 20000 രൂപ കവർന്നു

ചങ്ങരംകുളം: ചിയ്യാനൂരിൽ വീടുകളിൽ മോഷണം.മേച്ചിനാത്ത് അബ്ദുറഹ്മാൻ എന്നയാളുടെ വീട്ടിൽ നിന്ന് 20000 രൂപ മോഷ്ടാവ് കവർന്നു.അബ്ദുറഹ്മാൻ വർഷങ്ങളായി അബുദാബിയിലാണ് ജോലി ചെയ്യുന്നത്.ഭാര്യയും രണ്ട് മക്കളും ഉറങ്ങുന്ന സമയത്ത് മുൻവശത്തെ ജനൽ പാളി തുറന്ന് കയ്യിട്ട് വാതിൽ ലോക്ക് തുറന്ന് അകത്ത് കടക്കുകയായിരുന്നു. അലമാരയിൽ സൂക്ഷിച്ച പണം കവർന്ന് രക്ഷപ്പെടുകയായിരുന്നു. തൊട്ടടുത്ത് മറ്റൊരു വീട്ടിലും മോഷണ ശ്രമം നടത്തിയെങ്കിലും വീട്ടുകാർ ഉണർന്ന് ബഹളം വെച്ചതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. മാർസ് സിനിമാസിൻ്റെപുറകിൽ താമസിക്കുന്ന ഫാറൂഖ് എന്നയാളുടെ വീട്ടിലാണ് മോഷ്ടാവ് കയറിയത്. വീടിൻറെ മുകളിലത്തെ നിലയിലെ ഡോർ കുത്തിപ്പൊളിച്ച് അകത്തു കയറിയ മോഷ്ടാവ് അകത്ത് റൂമിൽ കയറാൻ ശ്രമിച്ചെങ്കിലും ശബ്ദം കേട്ട് ഫാറൂക്ക് ഉണർന്നതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി മോഷണം നടന്ന വീടുകളിൽ പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി കൾ കേന്ദ്രീകരിച്ച് മോഷ്ടാവിനെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.













