KERALA

ഗർഭസ്ഥശിശു മരിച്ചതിന് പിന്നാലെ മരണത്തിന് കീഴ‍‍ടങ്ങി അമ്മയും; ചികിത്സാപ്പിഴവില്ലെന്ന് ആശുപത്രി അധികൃതർ

കോഴിക്കോട്∙ പ്രസവത്തിൽ ഗർഭസ്ഥശിശു മരിച്ചതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതിയും മരണത്തിന് കീഴടങ്ങി. എകരൂർ ഉണ്ണികുളം ആർപ്പറ്റ വിവേകിന്റെ ഭാര്യ അശ്വതി (35) ആണ് വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് ഗർഭപാത്രം തകർന്ന് ശിശു മരിച്ചത്. പിന്നാലെ അശ്വതിയുടെ ഗർഭപാത്രം നീക്കം ചെയ്തെങ്കിലും ആരോഗ്യസ്ഥിതി മോശമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ഇന്നു രാവിലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഉള്ള്യേരി മലബാർ മെഡിക്കൽ കോളജിലായിരുന്നു അശ്വതിയെ പ്രവേശിപ്പിച്ചത്. ചികിത്സാപ്പിഴ് മൂലമാണ് അമ്മയും കുഞ്ഞും മരിച്ചതെന്ന് കുടുംബം ആരോപിച്ചു. സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ പൊലീസിൽ പരാതി നൽകി. ഈ മാസം ഏഴിനാണ് അശ്വതിയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ബന്ധു പറഞ്ഞു. വേദന വരാത്തതിനെത്തുടർന്ന് ചൊവ്വാഴ്ച മരുന്നുവച്ചു. മാറ്റമില്ലാതെ വന്നതോടെ ബുധനാഴ്ചയും മരുന്നുവച്ചു. ഉച്ചയായപ്പോഴേയ്ക്കും വേദനയുണ്ടായി. സാധാരണ രീതിയിൽ പ്രസവം നടക്കുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.

രാത്രിയോടെ വേദന അസഹനീയമായമായപ്പോൾ സിസേറിയൻ ചെയ്യണമെന്ന് അശ്വതി ആവശ്യപ്പെട്ടെങ്കിലും ചെയ്യാൻ ഡോക്ടർ തയാറായില്ല. വ്യാഴാഴ്ച പുലർച്ചെ അശ്വതിയെ സ്ട്രച്ചറിൽ കൊണ്ടുപോകുന്നതാണ് ബന്ധുക്കൾ കണ്ടത്. അൽപസമയത്തിന് ശേഷം ഗർഭപാത്രം തകർന്നുകുട്ടി മരിച്ചുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഗർഭ പാത്രം നീക്കിയില്ലെങ്കിൽ അശ്വതിയുടെ ജീവനും അപകടത്തിലാകുമെന്നറിയിച്ചതിനെത്തുടർന്ന് ഗർഭപാത്രം നീക്കാൻ ബന്ധുക്കൾ അനുമതി നൽകി. തുടർന്ന് ആരോഗ്യ സ്ഥിതി കൂടുതൽ മോശമായതിനെത്തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് രാവിലെ കോഴിക്കോട്ടേക്ക് കൊണ്ടുവന്നെങ്കിലും അശ്വതിയുെട ജീവൻ രക്ഷിക്കാനായില്ല. വേദന അസഹനീയമായതോടെ അശ്വതിയുടെ കരച്ചിൽ പുറത്ത് നിൽക്കുന്നവർക്കും കേൾക്കാമായിരുന്നുവെന്നും ബന്ധു പറഞ്ഞു. ബന്ധുക്കൾ ഉൾപ്പെടെ സിസേറിയൻ നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടും ഡോക്ടർ തയാറായില്ലെന്നാണ് ആരോപണം. അതേസമയം, ചികിത്സാപ്പിഴവുണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അശ്വതിയുടെ ആരോഗ്യസ്ഥിതി മോശമായതിനാൽ സിസേറിയൻ നടത്താനുള്ള സാഹചര്യമില്ലായിരുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button