KERALA

ഗർഭം അലസിപ്പിച്ചു.. പണം തട്ടി.. ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ കേസില്‍ എടപ്പാൾ സ്വദേശി സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി…

ഒളിവിലുള്ള ഐബി ഉദ്യോഗസ്ഥനെ കണ്ടാത്താന്‍ കഴിയാതെ പൊലീസ്..

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ സഹപ്രവര്‍ത്തകനും സുഹൃത്തുമായ സുകാന്തിനെതിരേ കേസെടുത്ത് പോലീസ്. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് തിരുവനന്തപുരം പേട്ട പോലീസ് സുകാന്തിനെതിരേ കേസെടുത്തത്. അതേസമയം, ഉദ്യോഗസ്ഥയുടെ മരണത്തിന് പിന്നാലെ ഒളിവില്‍ പോയ സുകാന്തിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. മാര്‍ച്ച് 24-നാണ് പേട്ട റെയില്‍വേ മേല്‍പ്പാലത്തിന് സമീപം ഐബി ഉദ്യോഗസ്ഥയെ തീവണ്ടി തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനാണ് പോലീസ് ആദ്യം കേസെടുത്തിരുന്നത്.

എന്നാല്‍, യുവതിയുടെ മരണത്തിന് പിന്നാലെ സഹപ്രവര്‍ത്തകനായ സുകാന്തിനെതിരേ കുടുംബം പരാതി നല്‍കിയിരുന്നു. യുവതിയെ സുകാന്ത് സാമ്പത്തികമായി ചൂഷണം ചെയ്‌തെന്നായിരുന്നു കുടുംബം ആദ്യം ഉന്നയിച്ച പരാതി. പിന്നാലെ, യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിന്റെയും തെളിവുകള്‍ കൈമാറി. കഴിഞ്ഞദിവസം പേട്ട പോലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി യുവതിയുടെ പിതാവ് തന്നെയാണ് തെളിവുകള്‍ കൈമാറിയത്. ഇതിനുപിന്നാലെയാണ് പോലീസ് ബലാത്സംഗക്കുറ്റം ഉള്‍പ്പെടെ ചുമത്തി സുകാന്തിനെതിരേ കേസെടുത്തത്.

ഉദ്യോഗസ്ഥയെ സുകാന്ത് ലൈംഗികചൂഷണത്തിന് ഇരയാക്കിയിരുന്നുവെന്ന് പിതാവ് പൊലീസില്‍ പരാതിപ്പെട്ടിരുന്നു.തെളിവുകളും കൈമാറിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ യുവതി ഗര്‍ഭഛിദ്രം നടത്തിയതിന്റെ ആശുപത്രി രേഖകള്‍.പൊലീസിനു ലഭിച്ചിരുന്നു.

മലപ്പുറം സ്വദേശിയായ സുകാന്ത് യുവതിയുമായി സൗഹൃദം സ്ഥാപിച്ച് പലതവണകളായി പണം കൈക്കലാക്കിയെന്നാണ് കണ്ടെത്തല്‍. കൂടാതെ ചെന്നൈയിലും കൊച്ചിയിലും കൊണ്ടുപോയി യുവതിയെ ചൂഷണം ചെയ്തതായും യുവതിയെ പരിക്കേല്‍പ്പിച്ചതായും പോലീസ് കണ്ടെത്തിയിരുന്നു. അതേസമയം, യുവതിയുടെ മരണത്തിന് പിന്നാലെ സുകാന്ത് ഒളിവില്‍ പോയിരിക്കുകയാണ്. നേരത്തേ ഇയാളുടെ മലപ്പുറം എടപ്പാളിലെ വീട്ടില്‍ പോലീസ് സംഘം പരിശോധനയ്ക്ക് എത്തിയെങ്കിലും വീട് അടച്ചിട്ട നിലയിലായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button