KERALA

തിരുനാവായയിൽ ഭരണ പ്രതിസന്ധി; വൈസ് പ്രസിഡൻറിന് പിന്നാലെ പ്രസിഡണ്ടും രാജിവച്ചു

തിരുന്നാവായ : ഇന്ന് രാവിലെ 11.20 ഓടെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി മുസ്തഫ രാജിവെച്ചതിന് പിന്നാലെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയപ്പളളി ഖദീജയും രാജിവെച്ചു. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് ഖദീജ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് രാജികത്ത് കൈമാറിയത്. കോൺഗ്രസിന്റെ അന്ത്യശാസനം വൈകീട്ടോടെ അവസാനിക്കാനിരിക്കെയാണ് മുസ്‌ലിം ലീഗിലെ ആയപ്പളളി ഖദീജ രാജിവെച്ചത്.

കോൺഗ്രസ് അംഗമായ കെ.ടി മുസ്തഫ നാലര വർഷത്തിന് ശേഷമാണ് രാജി വെക്കുന്നത്. യു.ഡി.എഫ് ധാരണ പ്രകാരം പ്രസിഡൻ്റ് സ്ഥാനം ലീഗ് കോൺഗ്രസിന് കൈമാറേണ്ടതാണ്. എന്നാൽ ഇതുവരെ ലീഗ് പ്രസിഡൻ്റ് സ്ഥാനം രാജിവെക്കാൻ തയാറായിരുന്നില്ല. ലീഗ് മുന്നണി മര്യാദ പാലിക്കാൻ തയാറാകാത്തതിൽ കോൺഗ്രസ് കടുത്ത അതൃപ്തിയിലായിരുന്നു.

കോൺഗ്രസ് അംഗമായ കെ.ടി മുസ്തഫ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതോടെ ശരിക്കും വെട്ടിലായത് പഞ്ചായത്ത് മുസ്‌ലിം ലീഗ് നേതൃത്വമാണ്. കെ.ടി മുസ്തഫയുടെ രാജിയോടെ യു.ഡി.എഫിൽ മുന്നണിമര്യാദ പാലിക്കാൻ ലീഗ് നേതൃത്വം നിർബന്ധിതമായി. യു.ഡി.എഫ് തിരൂർ മണ്ഡലം കമ്മിറ്റിയുടെ തീരുമാന പ്രകാരം അവസാനത്തെ ആറ് മാസം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കോൺഗ്രസിന് ഇക്കഴിഞ്ഞ ജുലൈ 31 കൈമാറേണ്ടതായിരുന്നു. എന്നാൽ ധാരണ പ്രകാരം ലീഗ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചൊഴിയാൻ ഇതുവരേ തയാറായിരുന്നില്ല. അതിന് കാരണമായി പറഞ്ഞിരുന്നത് വൈസ് പ്രസിഡൻ്റ് പദവി കെ.ടി മുസ്തഫ ഒഴിഞ്ഞിട്ടില്ലെന്നായിരുന്നു. ജില്ലാ മുസ് ലിം ലീഗ് നേതൃത്വം ആവശ്യപ്പെട്ടിട്ടും ആയപ്പളളി ഖദീജയെ രാജിവെപ്പിക്കാൻ പഞ്ചായത്ത് ലീഗ് നേതൃത്വം തയാറായില്ല. ലീഗ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചില്ലെങ്കിൽ യു.ഡി.എഫ് വിടുമെന്ന് കോൺഗ്രസ് നേരത്തെ ഭീഷണിമുയക്കിയിരുന്നു. ഇതേ തുടർന്ന് മുതിർന്ന ചില ലീഗ് നേതാക്കൾ മണ്ഡലം കോൺഗ്രസ് നേതാക്കളുമായി ഫോൺവഴി സംസാരിക്കുകയും തിങ്കളാഴ്ച വരേ കാത്തിരിക്കാനും കടുത്ത തീരുമാനത്തിലേക്ക് കടക്കരുതെന്ന് അഭ്യാർഥിക്കുകയും ചെയ്തിരുന്നു. എന്നാൽ, തിങ്കളാഴ്ച രാവിലെ രാജിവെക്കാൻ ലീഗ് തയാറായില്ല. പിന്നെ ഉച്ചക്ക് ശേഷം രാജിയുണ്ടാകുമെന്ന് അറിയിച്ചു. അവസാനം പഞ്ചായത്ത് പ്രസിഡന്റിന്റെ ഫോൺ സ്വിച്ച് ഓഫാക്കിയതായി പറയപ്പെടുന്നു. കെ.ടി മുസ്തഫയെ ഉപയോഗിച്ച് കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടിയെ പിളർത്തി പ്രസിഡന്റ് സ്ഥാനം നിലനിർത്താനും കെ.ടി മുസ്തഫയ്ക്ക് വൈസ് പ്രസിഡന്റ് സ്ഥാനം നിലനിർത്താനും ലീഗ് ശ്രമിച്ചതായി കോൺഗ്രസ് നേതൃത്വം ആരോപിച്ചു. എന്നാൽ, ഡി.സി.സിയുടെ അന്ത്യശാസനം ഇന്നവസാനിക്കാനിരിക്കെയാണ് കെ.ടി മുസ്തഫ വൈസ്പ്രസിഡന്റ് സ്ഥാനം രാജിവച്ച് ഒഴിഞ്ഞത്. ഒരുവർഷം മുൻപ് കൊട്ടാരത്ത് സുഹറാബിയെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയാണ് ലീഗ് ആയപ്പളളി ഖദീജയെ പ്രസിഡണ്ട് ആക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button