ഗോവിന്ദച്ചാമിയെ ജയില്‍ മാറ്റും; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക്

കണ്ണൂർ: കണ്ണൂർ ജയിലിലെ അതീവ സുരക്ഷാ സെല്ലിൽ നിന്ന് രക്ഷപ്പെട്ട കൊടും കുറ്റവാളി ഗോവിന്ദച്ചാമിയെ ജയില്‍ മാറ്റും. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂര്‍ ജയിലിലേക്കാണ് ഗോവിന്ദച്ചാമിയെ മാറ്റുക. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്കാണ് മാറ്റുന്നതെന്നാണ് വിവരം. ഷൊർണൂരിൽ യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്ത് കൊന്ന ഗോവിന്ദച്ചാമി കണ്ണൂർ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയായിരുന്നു.
അത്യന്തം നാടകീയമായ രംഗങ്ങളാണ് കണ്ണൂരിൽ ഇന്ന് അരങ്ങേറിയത്. മാസങ്ങൾ നീണ്ട ആസൂത്രണത്തിന് ഒടുവിലാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത് എന്നാണ് വിവരം. കേരളത്തെ നടുക്കിയ കൊലയാളിയുടെ രക്ഷപ്പെടൽ രാവിലെ 7.35 ന് ഏഷ്യാനെറ്റ് ന്യൂസാണ് പുറംലോകത്തെ അറിയിച്ചത്. ഒന്നരമാസം കൊണ്ട് മൂർച്ചയുള്ള ആയുധം വച്ച് ജയിലഴി മുറിച്ചു. ജയിൽ വർക്ക്ഷോപ്പിൽ നിന്നാണ് ആയുധമെടുത്തതെന്ന് മൊഴി. മുറിച്ച പാടുകൾ തുണികൊണ്ട് കെട്ടി മറച്ചു. മതിൽ ചാടാൻ പാൽപ്പാത്രങ്ങളും ഡ്രമ്മും ഉപയോഗിച്ചു. ഗുരുവായൂരിലെത്തി മോഷണമായിരുന്നു ലക്ഷ്യമെന്ന് ഗോവിന്ദച്ചാമി പൊലീസിന് മൊഴി നല്‍കി. ജയിലിൽ ഗുരുതര വീഴ്ച്ചയുണ്ടായെന്നാണ് കണ്ടെത്തൽ. ജയിലിലെ ഗുരുതര സുരക്ഷാ വീഴ്ചയിൽ നാല് ഉദ്യോഗസ്ഥരെ സസ്‌പെൻ്റ് ചെയ്തു.
