ഗൂഗിളില്‍ ഐടി വിദഗ്ദനും മുൻ ഗോവ സബ് കളക്ടറുമായിരുന്ന മലയാളി യുവാവ് വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുമ്ബ് ജീവനൊടുക്കി.
ഗൂഗിളില്‍ ഐടി വിദഗ്ദനും മുൻ ഗോവ സബ് കളക്ടറുമായിരുന്ന മലയാളി യുവാവ് ജീവനൊടുക്കി. വിവാഹത്തിന് വെറും നാല് ദിവസങ്ങള്‍ക്ക് മുമ്ബാണ് മുംബൈയില്‍ ആത്മഹത്യ ചെയ്തത്.മുംബൈ ഉപനഗരമായ ഡോംബിവിലിയിലാണ് നഗരത്തെ ഞെട്ടിച്ച സംഭവം. ഗൂഗിളിന്റെ സിംഗപ്പൂർ ഓഫീസില്‍ ഐടി വിദഗ്ദനായ വിജയ് വേലായുധനനെ ഡോംബിവിലിയിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഐഎഎസ് ലഭിച്ച ശേഷം ഗോവയില്‍ സബ് കളക്ടറായി ചുമതലയേറ്റിരുന്ന വിജയ്, പിന്നീട് ഈ പദവി ഉപേക്ഷിച്ചാണ് ഗൂഗിളില്‍ ഹെഡ് ഓഫ് സ്ട്രാറ്റജിയായി ചേരുന്നത്. 33 വയസ്സായിരുന്നു. ഈ ഞായറാഴ്ച (ഫെബ്രുവരി 2) വിവാഹം നടക്കാനിരിക്കെയാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും ഞെട്ടിച്ച സംഭവം. സഹപാഠിയായിരുന്ന പെണ്‍കുട്ടിയെയാണ് വിവാഹം കഴിക്കാനിരുന്നത്. . ഇവർ തമ്മില്‍ കുറെ നാളുകളായി അടുപ്പത്തിലായിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. ഡോംബിവ്‌ലിയിലെ താമസ സ്ഥലത്തിനടുത്താണ് പെണ്‍കുട്ടിയുടെ വീടും. വാതില്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിലിന് പുറത്ത് ഒരു കുറിപ്പ് എഴുതി വച്ചായിരുന്നു കടുംകൈ ചെയ്തത്. വാതില്‍ തുറക്കരുതെന്നും താൻ ജീവനൊടുക്കുകയാണെന്നും പോലീസില്‍ വിവരമറിക്കാനുമായിരുന്നു കുറിപ്പില്‍ കണ്ടത്. വിജയ് താനെയില്‍ പുതിയൊരു ഫ്ലാറ്റ് അടുത്തിടെ വാങ്ങിയിരുന്നു. അച്ഛനും അമ്മയും വിവാഹത്തിന്റെ ഒരുക്കങ്ങള്‍ക്കായി താനെയില്‍ പോയിരിക്കുകയായിരുന്നു. തിരിച്ചു വന്നപ്പോഴായിരുന്നു തീരാദുഖത്തിലാക്കിയ സംഭവം അറിയുന്നത്. ഡോംബിവ്‌ലി വെസ്റ്റ് ചന്ദ്രഹാസ് സൊസൈറ്റിയിലാണ് താമസം. പെരുമ്ബാവൂർ സ്വദേശിയായ വേലായുധന്റെ ഏക മകനാണ് വിജയ്.