ഗായകന്റെയും വാഗ്മിയായ ജനപ്രതിനിധിയുടെയും ഒന്നിച്ചുള്ള പാട്ടിന് നിറഞ്ഞ കയ്യടി

വട്ടംകുളം : ഓണാഘോഷ വേദി സിനിമാ പിന്നണി ഗായകന്റെയും വാഗ്മിയായ ജനപ്രതിനിധിയുടെയും ഒന്നിച്ചുള്ള പാട്ട് വേദിയായി .ഗായകൻ എടപ്പാൾ വിശ്വനാഥും, അബ്ദുസമദ് സമദാനി എം.പി.യും ആണ് വേദിയിൽ താളത്തിനൊത്ത് ഓണപ്പാട്ട് പാടിയത്. വട്ടംകുളം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിലാണ് പൂവിളിയുടെയും, പൊന്നോണനാളിന്റെയും ഇമ്പമാർന്ന വരികൾ ഇരുവരും ഒന്നിച്ച് ആലപിച്ചത് .ഇതാകട്ടെ നിറഞ്ഞ സദസ്സ് കയ്യടിയോടെ സ്വീകരിച്ചു. സമദാനിയുടെ പ്രസംഗം കഴിഞ്ഞ് എടപ്പാൾ വിശ്വനാഥ് പ്രസംഗിച്ചുകൊണ്ടിരിക്കെ ഓണപ്പാട്ട് പാടിയതോടെ സമദാനി മറ്റൊരു മൈക്ക് സംഘാടകരോട് ആവശ്യപ്പെട്ടു .അതോടെ ഗായകൻ എടപ്പാൾ വിശ്വനാഥിനും ആവേശമായി. ഓർമ്മകളിലെ ഓണ നാളുകളെയും പൂവിളികളെയും പറ്റി വിശ്വനാഥ് പാടിത്തുടങ്ങിയതോടെ സമദാനിയും ചേർന്നു പാടി .സാംസ്കാരിക സമ്മേളനം അബ്ദുസമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്തു. വെറുപ്പിനെതിരായ സ്നേഹത്തിൻറെ ഉണർത്തു പാട്ടാണ് ഓണം എന്ന് സമദാനി പറഞ്ഞു. ജാതിയുടെയും മതത്തിന്റെയും പേര് പറഞ്ഞ് നവമാധ്യമങ്ങളിൽ പച്ചയായി നാണമില്ലാതെ വർഗീയത പറയുന്ന ഇന്നത്തെ കാലം പോലെ തന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല എന്നും സമദാനി വ്യക്തമാക്കി. ശ്രീനാരായണഗുരുദേവൻ ജാതി കുഴിച്ചുമൂടിയ മണ്ണാണിത് .അവിടെയാണ് ആവശ്യമില്ലാത്ത പ്രചാരണ കോലാഹലങ്ങളും അന്തസ്സ് ഇല്ലാത്ത വിമർശനങ്ങളും നടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. എ നജീബ് അധ്യക്ഷനായി. വട്ടംകുളം ഗ്രാമപഞ്ചായത്ത് നേരത്തെ ആരംഭിച്ച ഗ്രാമ വണ്ടിയിൽ തൊഴിലാളികൾ, ഭിന്നശേഷി കുട്ടികൾ, വനിതകൾ എന്നിവർക്ക് സൗജന്യ യാത്രക്കുള്ള കാർഡ് വിതരണവും സമദാനി എം.പി നിർവഹിച്ചു. ഓണസമ്മാനമായാണ് ഗ്രാമ വണ്ടിയിൽ സൗജന്യ യാത്രയുടെ പ്രഖ്യാപനം നടത്തിയത്.













