ഗതാഗതക്കുരുക്കിന് പരിഹാരം : ചങ്ങരംകുളം ടൗണിൽ ഇന്ന് മുതൽ ഗതാഗത പരിഷ്കരണം
ചങ്ങരംകുളം : ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന ചങ്ങരംകുളം ടൗണിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നടപ്പിലാക്കുന്ന വൺവേ സമ്പ്രദായത്തിന് ഇന്ന് തുടക്കം കുറിക്കും. ചങ്ങരംകുളം ടൗണിൽ നിന്നും നാല് റോഡുകളിലേക്കും ഇനി മുതൽ വൺവേ സമ്പ്രദായത്തിലൂടെ മാത്രമേ പ്രവേശിക്കാനും പുറത്തു കടക്കാനും കഴിയുകയുള്ളൂ. എരമംഗലം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ബസ്റ്റാൻഡിലൂടെ പ്രവേശിച്ച് ഹൈവേ ജങ്ഷനിലൂടെ മാത്രമേ ടൗണിൽ നിന്ന് പുറത്ത് കടക്കാനും ടൗണിലേക്ക് പ്രവേശിക്കാനും കഴിയുകയുള്ളൂ. ചെറുവല്ലൂർ, എരമംഗലം റോഡിലേക്കുള്ള വാഹനങ്ങൾ ഹൈവേയിൽ പെട്രോൾ പമ്പ് ജംഗ്ഷനിൽ നിന്നും കിഴക്കേ റോഡിലൂടെ ടൗണിലേക്ക് പ്രവേശിച്ച ശേഷം മാത്രമേ ചെറവല്ലൂർ, എരമംഗലം റോഡുകളിലേക്ക് പ്രവേശിക്കാൻ പാടുള്ളൂ. തൃശ്ശൂർ കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങളും ഹൈവേ ജംഗ്ഷനിലൂടെ മാത്രമേ ടൗണിൽ നിന്നും പുറത്തു കടക്കാൻ പാടുള്ളൂ.
ഗതാഗത പരിഷ്കാരം നടപ്പിലാക്കുന്നതോടുകൂടി ടൗണിലെ എല്ലാ റോഡുകളിലൂടെയും ഒരു ദിശയിലേക്ക് മാത്രമേ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ ആവുകയുള്ളൂ.
റോഡരികിൽ അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും കച്ചവട സ്ഥാപനങ്ങളിലേക്ക് ചരക്കുകൾ ഇറക്കുന്നതിനായി ലോറികൾ നിർത്തിയിടുന്നതും ടൗണിൽ ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ട്.
ആലങ്കോട് ഗ്രാമപഞ്ചായത്തിൽ ചേർന്ന് ട്രാഫിക് റെഗുലേറ്ററി അതോറിറ്റിയുടെ യോഗത്തിലാണ് ഗതാഗത പരിഷ്കാരത്തിന് തീരുമാനമായത്.