KERALA

ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കില്ല : ചെറിയാന്‍ ഫിലിപ്പ്.

ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കില്ലെന്ന് ചെറിയാന്‍ ഫിലിപ് . പുസ്തക രചനയുടെ തിരക്കിലായതിനാല്‍ സ്ഥാനം ഏറ്റെടുക്കാനാവില്ലെന്നാണ് ഫേസ്ബുക്ക് കുറിപ്പിലെ വിശദീകരണം. ഇന്നലെയാണ് ചെറിയാന്‍ ഫിലിപ്പിന് പുതിയ പദവി തീരുമാനിച്ചത്. അടിയൊഴുക്കുകള്‍ എന്ന ആധുനിക രാഷ്ട്രീയ ചരിത്രരചനയില്‍ വ്യാപൃതനായതിനാല്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുന്നില്ലെന്നാണ് ചെറിയാന്‍ ഫിലിപ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. 40 വര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ച കാല്‍ നൂറ്റാണ്ട് എന്ന ഗ്രന്ഥത്തിന്റെ പിന്തുടര്‍ച്ചയായ ചരിത്രം എഴുതണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും രാഷ്ട്രീയ തിരക്കുമൂലം സാധിച്ചില്ല. കഥ, കവിത എന്നതുപോലെ ചരിത്രം ഭാവനയില്‍ രചിക്കാനാവില്ല. വസ്തുതകള്‍ ശേഖരിക്കുന്നതിനും ക്രോഡീകരിക്കുന്നതിനും വിപുലമായ ഗവേഷണം ആവശ്യമാണ്. രാഷ്ട്രീയ സംഭവ വികാസങ്ങള്‍ അറിയുന്നതിന് പഴയ പത്രതാളുകള്‍ പരിശോധിക്കണം. രാഷ്ട്രീയ അണിയറ രഹസ്യങ്ങള്‍ കണ്ടെത്തണമെങ്കില്‍ ഈ കാലഘട്ടത്തിലെ രാഷ്ട്രീയ വ്യക്തിത്വങ്ങള്‍, മാദ്ധ്യമ പ്രമുഖര്‍, സമുദായ നേതാക്കള്‍ എന്നിവരുമായി പലവട്ടം കൂടിക്കാഴ്ച വേണ്ടി വരും. രണ്ടു വര്‍ഷത്തെ നിരന്തര പരിശ്രമം അനിവാര്യമാണ്. ഖാദി വിപ്പനയും ചരിത്രരചനയും ഒരുമിച്ചു നടത്താന്‍ പ്രയാസമാണ്.

കടുത്ത ദാരിദ്ര്യത്തെ അതിജീവിച്ചാണ് കാള്‍ മാര്‍ക്‌സ് തന്റെ സിദ്ധാന്തങ്ങള്‍ ആവിഷ്‌ക്കരിച്ചത്. തടവില്‍ കിടന്നാണ് ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യയെ കണ്ടെത്തല്‍ എന്ന മഹത് ഗ്രന്ഥം രചിച്ചത്. ഇതെല്ലാം എനിക്ക് ആത്മവിശ്വാസത്തിനുള്ള പ്രചോദനമാണ്. ഇപ്പോഴും വിപണന മൂല്യമുള്ള രാഷ്ട്രീയ, ചരിത്ര ,മാദ്ധ്യമ വിദ്യാര്‍ത്ഥികളുടെ റഫറന്‍സ് സഹായിയായ കാല്‍ നൂറ്റാണ്ട് എന്ന ഗ്രന്ഥത്തിന്റെ പുതിയ പതിപ്പ് ഡി സി ബുക്‌സ് ഈ മാസം തന്നെ പുറത്തിറക്കുമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button