കർമ റോഡിലൂടെ ചമ്രവട്ടം പാലത്തിലേക്ക് 10 കോടി ചെലവിൽ പുഴയോരപാത വരുന്നു


പൊന്നാനി: കർമ റോഡ് ചമ്രവട്ടം കടവിൽനിന്ന് ചമ്രവട്ടം പാലത്തിലേക്ക് ബന്ധിപ്പിക്കാൻ പദ്ധതി. 10 കോടി രൂപ ചെലവഴിച്ചുള്ള നിർമാണ പദ്ധതി ഉടൻ തയാറാക്കും. മരാമത്ത് വകുപ്പ് ഡിസൈനിങ് വിഭാഗം പഠനം നടത്തിയ ശേഷമായിരിക്കും വിശദ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയാറാക്കുക. പദ്ധതി യാഥാർഥ്യമായാൽ ചമ്രവട്ടം പാലത്തിൽനിന്നു ഭാരതപ്പുഴയ്ക്കരികിലൂടെ അഴിമുഖത്തേക്ക് എത്തുന്ന പുഴയോരപാതയാണ് ഒരുങ്ങുക. വൻ ടൂറിസം സാധ്യതയുള്ള ഇൗ പദ്ധതിക്ക് കഴിഞ്ഞ സംസ്ഥാന ബജറ്റിലാണ് തുക അനുവദിച്ചത്.
നിലവിൽ ചമ്രവട്ടം കടവുമുതൽ ഫിഷിങ് ഹാർബർ പ്രദേശം വരെ ആറു കിലോമീറ്ററോളം ഭാഗത്ത് റോഡ് യാഥാർഥ്യമായി. അവസാനഘട്ടമെന്ന നിലയിൽ പാലം പണി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കനോലി കനാലിൽ നിർമിക്കുന്ന പാലം തുറന്നു കഴിഞ്ഞാൽ 6 കിലോമീറ്റർ പാത ഗതാഗതയോഗ്യമാകും. പാലത്തിന്റെ കോൺക്രീറ്റിങ് പൂർത്തിയായി. അപ്രോച്ച് റോഡ് നിർമാണവും വൈദ്യുതീകരണവുമാണ് അവശേഷിക്കുന്നത്. ഇപ്പോൾ തന്നെ ജില്ലയുടെ തീരപ്രദേശത്ത് വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി കർമ റോഡ് മാറിക്കഴിഞ്ഞു.
ചമ്രവട്ടം കടവു മുതൽ പാലം വരെ റോഡ് നിർമിക്കാൻ കഴിഞ്ഞാൽ മലബാറിലെ ഏറെ ശ്രദ്ധേയമാകുന്ന പുഴയോര ടൂറിസം കേന്ദ്രമായി കർമ റോഡ് മാറും. മറൈൻ മ്യൂസിയവും നിള ഹെറിറ്റേജ് മ്യൂസിയവും ഒരുങ്ങുന്നത് ഇൗ പാതയുടെ അരികിൽ തന്നെയാണ്. പാത പൂർണതയിലെത്തുന്നതിന് മുൻപുതന്നെ ഉല്ലാസ ബോട്ടുകളുടെ പ്രധാന കേന്ദ്രമായി റോഡ് മാറിക്കഴിഞ്ഞു. ഞായറാഴ്ചകളിലും മറ്റ് ആഘോഷ ദിനങ്ങളിലും ആയിരക്കണക്കിന് വിനോദ സഞ്ചാരികൾ കർമ റോഡിലേക്കഎത്തുന്നുണ്ട്.
