PONNANI

കർമ റോഡരികിലെ ഭൂമി വിവാദം തുടരുന്നു. തുറമുഖ വകുപ്പ് ബോർഡ് പിഴുതെറിഞ്ഞ് നഗരസഭ

പൊന്നാനി: തുറമുഖ വകുപ്പിന്റെ
ബോർഡ് പിഴുതെറിഞ്ഞ് കർമ റോഡിനരികിലെ ഭൂമിയിൽ നഗരസഭ അവകാശം സ്ഥാപിച്ചു. ബോർഡ് പോയാലും സ്ഥലം വകുപ്പിന്റേതു തന്നെയെന്ന് തുറമുഖ വകുപ്പ്. വിവാദ ഭൂമിയിൽ ഗസ്റ്റ് ഹൗസ് നിർമിക്കാൻ തുറമുഖ വകുപ്പും ഓപ്പൺ ജിംനേഷ്യവും ചിൽഡ്രൻസ് പാർക്കും നിർമിക്കാൻ നഗരസഭയും പദ്ധതി തയാറാക്കിത്തുടങ്ങി. ഒരേ ഭൂമിയിൽ 2 പദ്ധതികളാണ് വ്യത്യസ്ത തലങ്ങളിൽ നിന്ന് തയാറാക്കുന്നത്. ഏത് പദ്ധതി നടപ്പാകുമെന്ന ആകാംഷയിലാണ് നാട്ടുകാർ. ഗസ്റ്റ് ഹൗസും ഒപ്പം പാർക്കും ഉൾക്കൊള്ളുന്ന പദ്ധതിയുടെ ഡിപിആർ അതിവേഗം തയാറാക്കിക്കൊണ്ടിരിക്കുകയാണ് തുറമുഖ വകുപ്പ്.

ഇതിനിടയിലാണ് ഭൂമിയിൽ നേരത്തെ തുറമുഖ വകുപ്പ് സ്ഥാപിച്ചിരുന്ന ബോർഡ് നഗരസഭ എടുത്തുമാറ്റിയത്. “തുറമുഖ വകുപ്പ് ഭൂമിയിൽ അതിക്രമിച്ചു കയറുന്നത് ശിക്ഷാർഹം’ എന്ന പോർട്ട്  കൺസർവേറ്ററുടെ മുന്നറിയിപ്പോടെയുള്ള ബോർഡാണ് നഗരസഭ പിഴിതെടുത്ത്
നഗരകാര്യാലയത്തിനടുത്തുള്ള  മാലിന്യക്കൂനയിൽ തള്ളിയിരിക്കുന്നത്. “നിർദ്ദിഷ്ട കുട്ടികളുടെ പാർക്കിനുള്ള സ്ഥലം എന്ന പൊന്നാനി നഗരസഭയുടെ ബോർഡ് ഇതിനടുത്തു തന്നെ സ്ഥാപിച്ചിരുന്നു. തുറമുഖ വകുപ്പിന്റെ ബോർഡ് നീക്കിയതോടെ നഗരസഭയുടെ ബോർഡ് മാത്രമായി അവശേഷിച്ചു.

പുഴയോര ഭാഗം നികത്തിയെടുത്തുണ്ടാക്കിയ രണ്ട് ഏക്കർ ഭൂമിയിലാണ് തകർക്കം മുറുകുന്നത്. ഇരുവിഭാഗങ്ങളെയും ഏകോപിപ്പിച്ച് ഭൂമിയുടെ അവകാശത്തെ സംബന്ധിച്ചുള്ള വ്യക്തത വരുത്താൻ ഒരു നടപടിയും ഇതുവരെയുണ്ടായിട്ടില്ല. കനോലി കനാൽ ആഴം കൂട്ടുന്നതിന്റെ ഭാഗമായി പുറത്തെടുത്ത മണ്ണ് നികത്തിയാണ് പുഴയോരത്ത് മനോഹരമായ സ്ഥലം ഒരുക്കിയെടുത്തിരിക്കുന്നത്. ഈ ഭാഗത്ത് മണ്ണ് നികത്താൻ ഇറിഗേഷൻ വകുപ്പിന് അനുമതി നൽകിയത് തുറമുഖ വകുപ്പായിരുന്നു. മാത്രവുമല്ല, അഴിമുഖം മുതൽ ഭാരതപ്പുഴയിൽ 2.5 കിലോമീറ്റർ പുഴയോര ഭാഗം തുറമുഖ വകുപ്പിന് അവകാശപ്പെട്ടതാണെന്നാണ് കണക്ക്.

“പൊന്നാനിയിലേക്ക് അതിഥികളായെത്തുന്ന പൊതുജനങ്ങൾക്കും ഒഫിഷ്യൽസിനും താമസിക്കാൻ സൗകര്യമൊരുക്കുന്ന ഗെസ്റ്റ് ഹൗസാണ് പുഴയോരത്തെ ഭൂമിയിൽ തുറമുഖ വകുപ്പ് നിർമിക്കാനുദ്ദേശിക്കുന്നത്. ഉടൻ ടെൻഡർ നടപടികളിലേക്കു കടക്കും. ഗെസ്റ്റ് ഹൗസിനോടു ചേർന്നു തന്നെ പാർക്കും വിഭാവനം ചെയ്യുന്നുണ്ട്.” – ക്യാപ്റ്റൻ അശ്വനി പ്രതാപ് പറഞ്ഞു.
“പുഴയോരത്തെ ഭൂമി നഗരസഭയ്ക്ക്
അവകാശപ്പെട്ടതാണ്. മനോഹരമായ
ചിൽഡ്രൻസ് പാർക്കും വനിതകൾക്കായുള്ള
ഓപ്പൺ ജിംനേഷ്യവും ഇവിടെ നിർമിക്കും.
തുറമുഖ വകുപ്പിന്റെ അവകാശവാദംഅടിസ്ഥാനമില്ലാത്തതാണ് എന്ന് പൊന്നാനി നഗരസഭാധ്യക്ഷൻ
ശിവദാസ് ആറ്റുപുറം വ്യക്തമാക്കി.



Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button