കർമ പാലം പണി തീരാറായി: ഒക്ടോബറിൽ തുറന്നേക്കും


പൊന്നാനി: പുഴയോരപാതയായ കർമ റോഡിനെയും പൊന്നാനി മീൻപിടിത്ത തുറമുഖത്തെയും ബന്ധിപ്പിച്ച് കനോലി കനാലിന് കുറുകെ നിർമിച്ച പാലം ഒക്ടോബറിൽ ഗതാഗതത്തിനു തുറന്നുകൊടുത്തേക്കും. പാലം
നിർമാണം അവസാനഘട്ടത്തിലെത്തി. പൊന്നാനിയിലെ ടൂറിസം, ഗതാഗത രംഗങ്ങളിൽ കുതിപ്പിന് വഴിയൊരുക്കുന്നതാണ് കർമ പാലം.
36.28 കോടി രൂപ ചെലവഴിച്ച് പള്ളിക്കടവിലാണ് പാലവും സമീപ റോഡും നിർമിക്കുന്നത്. 330 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള പാലത്തിൽ ഒൻപതുമീറ്റർ വീതിയുള്ള രണ്ടുവരിപ്പാതയാണുണ്ടാകുക.
കൈവരിയോടു കൂടിയ നടപ്പാതയുമുണ്ടാകും. പാലത്തിന്റെ
കോൺക്രീറ്റ് ജോലികൾ
പൂർത്തിയായി. ചമ്രവട്ടം ഭാഗത്തേക്ക് 650 മീറ്ററും പൊന്നാനി ഭാഗത്തേക്ക് 250 മീറ്ററും സമീപ റോഡുണ്ടാകും. കൂടാതെ 520 മീറ്റർ ഹാർബർ റോഡ് നവീകരിക്കും. സമീപ റോഡിൽ അഴുക്കുചാലുകളും തെരുവുവിളക്കുകളുമുണ്ടാകും.
പാലത്തിന്റെ മധ്യഭാഗത്തിന് 45 മീറ്റർ വീതിയും ആറുമീറ്റർ
ഉയരവുമാണുണ്ടാകുക. കനോലി കനാലിലൂടെയുള്ള ബോട്ട് സർവീസുകൾക്ക് തടസ്സമാകാത്ത വിധത്തിലാണ് പാലം നിർമിച്ചിട്ടുള്ളത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമാണച്ചുമതല.
പാലം യാഥാർഥ്യമാകുന്നതോടെ പൊന്നാനിയിലെ ഗതാഗതക്കുരുക്കിന്
പരിഹാരമാകുന്നതോടൊപ്പം ഹാർബറിൽനിന്നുള്ള
വാഹനങ്ങൾക്ക് കർമ പാതയിലൂടെ
ദേശീയപാതയിലേക്കെത്താനാകും. ഭാരതപ്പുഴയുടെ സൗന്ദര്യം ആസ്വദിക്കുന്നതിനായി
ഒട്ടേറെപ്പേരാണ് പുഴയോരപാതയായ
കർമ റോഡിലെത്തുന്നത്. പാലം
തുറക്കുന്നതോടെ
ഇവിടെയെത്തുന്നവർക്ക്
ഹാർബറിലേക്കും മറ്റും എളുപ്പത്തിൽ എത്താനാകും.
