കർക്കടകം പകുതിയായിട്ടും വേണ്ടത്ര മഴ ലഭിച്ചില്ല; ഒന്നാംവിള കൃഷി ഇറക്കുന്നതു വൈകും
എടപ്പാൾ ∙ കർക്കടകം പകുതിയായിട്ടും വേണ്ടത്ര മഴ ലഭിക്കാത്തതിനാൽ പാടശേഖരങ്ങളിൽ ഒന്നാം വിള കൃഷിയിറക്കുന്നതു വൈകും. ഇടവപ്പാതിയിലും മിഥുനത്തിലും വേണ്ടത്ര മഴ ലഭിച്ചില്ല. ഇതിനു പുറമേ കർക്കടകം പിറന്നിട്ടും കൃഷിക്ക് ആവശ്യമായ മഴ ലഭിക്കാത്തതിനാൽ പടിഞ്ഞാറൻ മേഖലയിൽ ഇത്തവണ ഒന്നാം വിള കൃഷിയിറക്കുന്നത് ചിങ്ങത്തിൽ നടത്താനാണ് കർഷകരുടെ ആലോചന.
ഇടവപ്പാതിയിൽ കാർഷിക ജോലികൾ ആരംഭിക്കുമെങ്കിലും ഇത്തവണ കാർഷിക മേഖല സജീവമായിട്ടില്ല. മിഥുനത്തിൽ മഴ ലഭിക്കുമെന്ന് കരുതിയെങ്കിലും വിഫലമായി. നിലവിൽ കരിങ്കുറ പാടശേഖരങ്ങളിൽ മാത്രമാണ് വേണ്ടത്ര വെള്ളം ഉള്ളത്. നേരത്തേ മിഥുനത്തിൽ ലഭിക്കുന്ന മഴയിലാണ് നടീൽ നടത്തേണ്ട പാടങ്ങളിൽ ഉഴുതു മറിക്കലും വരമ്പു വയ്ക്കലും ഉൾപ്പെടെയുള്ള ജോലികൾ നടത്തുക പതിവ്.
ഉയർന്ന പ്രദേശങ്ങളിലെ പാടശേഖരങ്ങളിൽ ഞാറ്റടികൾ തയാറാക്കുന്ന ജോലികളും ആരംഭിക്കാറുണ്ട്. ഇത്തവണ ഈ പതിവുകളെല്ലാം തെറ്റിയ അവസ്ഥയാണ്. തെങ്ങിൻ തോട്ടങ്ങളിലും കമുകിൻ തോട്ടങ്ങളിലും കട തുറന്നെങ്കിലും മഴയില്ലാത്തതിനാൽ വളം ചേർത്ത് മൂടുന്ന ജോലികളും തുടങ്ങിയിട്ടില്ല.