എടപ്പാൾ: ക്ഷേത്രക്കുളത്തോട് ചേർന്ന ഭാഗം മണ്ണിട്ട് നികത്തി സ്വന്തം സ്ഥലത്തേക്ക് വഴി വെട്ടാൻ ശ്രമിച്ചത് തടഞ്ഞതിൽ പ്രകോപിതനായി അയൽവാസി കമ്മിറ്റി ഭാരവാഹികളെ ആക്രമിച്ചതായി പരാതി.എടപ്പാൾ ഗോവിന്ദ തിയറ്റിന് സമീപം ത്രിപുരാന്തക ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളാണ് ചങ്ങരംകുളം പോലീസിൽ ഇതുസംബന്ധിച്ച പരാതി നൽകിയത്.വഴി വെട്ടുന്നത് തടഞ്ഞ രക്ഷാധികാരി പി.പി. വിജയനെയാണ് അടിച്ചു പരിക്കേൽപ്പിച്ചത്. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ പരാതി പ്രകാരം ചങ്ങരംകുളം പോലീസ് അന്വേഷണം നടത്തുന്നതിനിടയിൽ ഞായറാഴ്ച വൈകുന്നേരം ക്ഷേത്രക്കമ്മിറ്റി യോഗം നടക്കുന്നതിലേക്ക് അതിക്രമിച്ച് കയറി ഇദ്ദേഹം മൊബൈൽ ഫോണിൽ വീഡിയോ ചിത്രീകരിക്കാൻ ശ്രമിക്കുകയും ചെയ്തു.ഇതിനെതിരെയും കമ്മിറ്റി പോലീസിൽ പരാതി നൽകിയതായി പി.പി. വിജയൻ പറഞ്ഞു.