ക്ഷീരകർഷകർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു
എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2025- 2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരവികസന ഓഫീസർ നിർവഹണം നടത്തുന്ന ക്ഷീരകർഷകർക്ക് ആവശ്യാധിഷ്ഠിത ധനസഹായ പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ ഉപകരണങ്ങളുടെ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ ആർ ഗായത്രി നിർവഹിച്ചു. വൈസ് പ്രസിഡണ്ട് വിമൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷീര വികസന ഓഫീസർ മഹേഷ് പി സ്വാഗതം പറഞ്ഞു. വാർഷിക പദ്ധതിയിൽ നൂതന പ്രൊജക്റ്റ് ആയി ഏറ്റെടുത്ത ഈ പദ്ധതി മുഖേന സ്ലറി പമ്പ്, പാക്കിങ് മെഷീൻ, പ്രഷർ വാഷർ, വീൽ ബാരോ , റബ്ബർ മാറ്റുകൾ, വെയിംഗ് മെഷീൻ, കൗ ബ്രഷ് മുതലായ ഉപകരണങ്ങൾ ആണ് ക്ഷീരകർഷകർക്ക് വിതരണം ചെയ്തത്. ബ്ലോക്ക് പരിധിയിലുള്ള ക്ഷീരകർഷകരുടെ വികസനവും അവരുടെ ക്ഷേമവും ഭരണ സമിതിയുടെ പ്രധാന അജണ്ടകളിൽ ഒന്നാണെന്ന് ഉപകരണങ്ങൾ വിതരണം ചെയ്തുകൊണ്ട് ഗായത്രി സംസാരിച്ചു. വരും വർഷങ്ങളിലും ക്ഷീര വികസന മേഖലയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള പദ്ധതികൾ ഏറ്റെടുക്കുമെന്നും പ്രസിഡൻ്റ് പറഞ്ഞു. ബ്ലോക്ക് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആസിയ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ദീപ് വിജയൻ, ബ്ലോക്ക് അംഗങ്ങളായ സൗമ്യ ഫജർ, ഫർഹാന എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് ഡയറി ഫാം ഇൻസ്ട്രക്ടർ ഷാജിത്ത് നന്ദി പറഞ്ഞു.