ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലുള്ള മോന്‍സണ്‍ മാവുങ്കലിന്റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും.
വ്യാജ പുരാവസ്തുക്കള്‍ കാണിച്ച് തട്ടിപ്പ് നടത്തിയ കേസില്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലുള്ള മോന്‍സണ്‍ മാവുങ്കലിന്റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. തൃപ്പൂണിത്തുറ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യല്‍. ഇന്നലെ വൈകീട്ടോടെയാണ് മോന്‍സണെ മൂന്ന് ദിവസത്തേക്ക് ക്രൈം ബ്രാഞ്ചിന് കസ്റ്റഡിയില്‍ ലഭിച്ചത് . കസ്റ്റഡി അവസാനിക്കുന്നതിന് മുന്‍പ് പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
വ്യാജ പുരാവസ്തുക്കള്‍ക്ക് എങ്ങിനെ ഇയാള്‍ രേഖകള്‍ ഉണ്ടാക്കിയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. മോണ്‍സന്റെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ ശേഖരിച്ച ശേഷം കൂടുതല്‍ പേരെ ആവശ്യമെങ്കില്‍ ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം.
ഇന്നലെ മൂന്ന്് മണിക്കൂറാണ് മോന്‍സണെ ചോദ്യം ചെയ്തത്.തുടര്‍ന്ന് രക്തസമ്മര്‍ദ്ദം കൂടിയതിനാല്‍ ചോദ്യം ചെയ്യല്‍ നിര്‍ത്തിവെക്കുയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിക്കുകയും ചെയ്തു.എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചത്. മോന്‍സണിന്റെ കൊവിഡ് പരിശോധനാഫലം പൂര്‍ത്തിയായി. അതിനുശേഷമാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്.
അതേസമയം മോന്‍സന്റെ പേരിലുള്ള അക്കൗണ്ടുകളില്‍ ബാക്കിയുള്ളത് ഒന്നര ലക്ഷം രൂപ മാത്രമാണ്. ഈ അക്കൗണ്ടുകളിലെ വിശദാംശങ്ങള്‍ തേടി ക്രൈംബ്രാഞ്ച് ബാങ്കുകള്‍ക്ക് കത്തയച്ചു.
പുരാവസ്തു വില്‍പ്പനക്കാരനെന്ന വ്യാജേനയാണ് മോന്‍സണ്‍ മാവുങ്കല്‍ പലരില്‍ നിന്നായി കോടികള്‍ തട്ടിയത്. 2018,2021 കാലഘട്ടത്തിലായിരുന്നു തട്ടിപ്പ് നടത്തിയത്. മോന്‍സണിന്റെ സുഹൃത്തായിരുന്ന അനൂപ് അഹമ്മദാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്ന് നിരവധി പേര്‍ പരാതി നല്‍കി. എന്നാല്‍ പരാതികളില്‍ അന്വേഷണം നടന്നില്ല. ഉന്നത പൊലീസ് ബന്ധം ഉപയോഗിച്ച് മോന്‍സണ്‍ അന്വേഷണം അട്ടിമറിച്ചതായാണ് ആരോപണം. രാഷ്ട്രീയ- സിനിമാ മേഖലയില്‍ ഉള്ളവരുമായും മോന്‍സണ് ഉറ്റ ബന്ധമാണുള്ളത്.