കർമ റോഡിന്റെ പേരുമാറ്റി സർക്കാർ: നിള ടൂറിസം റോഡെന്നാണ് പുതിയ പേര്.
April 26, 2023
പൊന്നാനി: പേരിനെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ കർമ റോഡിന്റെയും പാലത്തിന്റെയും പേര് സർക്കാർ ഔദ്യോഗികമായി തിരുത്തി. ചൊവ്വാഴ്ച മന്ത്രി ഉദ്ഘാടനം ചെയ്ത റോഡും പാലവും ഇനി അറിയപ്പെടുക ‘നിള ടൂറിസ’ത്തിന്റെ പേരിലാകും.പൊതുമരാമത്ത് വകുപ്പിന്റെ ശിലാഫലകത്തിൽ നിള ടൂറിസം റോഡെന്നും നിള ടൂറിസം പാലമെന്നുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഉദ്ഘാടനത്തിനുശേഷം ഈ പേരുതന്നെയാണ് മന്ത്രിയും വിശേഷിപ്പിച്ചത്.25 വർഷം മുൻപ് കർമ എന്ന സന്നദ്ധ സംഘടന മുന്നിട്ടിറങ്ങിയാണ് പുഴയോരത്തുകൂടി പുതിയൊരു പാത വെട്ടിയുണ്ടാക്കിയത്. നാൽപ്പതിലേറെ സംഘടനകളുടെ സഹകരണത്തോടെയായിരുന്നു നിർമാണം. നിർമാണത്തിനുശേഷം ‘കർമ’ റോഡ് എന്ന പേരിലാണ് പാത അറിയപ്പെട്ടിരുന്നത്. പിന്നീട് 10 കോടി രൂപ ചെലവിലാണ് ഇപ്പോഴത്തെ നിളയോരപാത സർക്കാർ യാഥാർഥ്യമാക്കിയത്. ഹാർബറിനോട് ചേർന്ന് നിർമിക്കുന്ന പാലത്തെ കർമ പാലം എന്ന പേരിലാണ് പൊതുവേ അറിയപ്പെട്ടിരുന്നത്.എന്നാൽ കർമ എന്ന പേരിൽ പാതയും പാലവും അറിയപ്പെടുന്നതിൽ അധികൃതർക്ക് താത്പര്യമുണ്ടായിരുന്നില്ല. നിളയോരപാതയെന്നും ഹാർബർ പാലം എന്നുമായിരുന്നു ഔദ്യോഗികമായി വിശേഷിപ്പിച്ചിരുന്നത്.ഇതിനെതിരേ പ്രതിഷേധവും സാമൂഹികമാധ്യമങ്ങളിൽ വാക്‌പോരും നടന്നിരുന്നു. എന്നാൽ പൊതുമരാമത്ത് വിഭാഗം ഉദ്ഘാടനത്തിനായി തയ്യാറാക്കിയ ശിലാഫലകത്തിലാണ് നിള ടൂറിസം പാലമെന്നും നിള ടൂറിസം റോഡെന്നും രേഖപ്പെടുത്തിയത്.നിള ടൂറിസം പാലവും നിളയോരപാതയും മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു.