MALAPPURAM

ക്യാമറ മറികടക്കാൻ നമ്പർ പൊത്തി; പലവഴിയിൽ പിഴ 13,000 രൂപ

മലപ്പുറം ∙ നമ്പർ പ്ലേറ്റ് മറച്ചും കൈ കൊണ്ട് പൊത്തിപ്പിടിച്ചും റോഡ് ക്യാമറയെ പറ്റിക്കാൻ ശ്രമിക്കാറുണ്ടോ? കരുതിയിരുന്നോളൂ, പണി വരുന്നുണ്ട്. ഹെൽമെറ്റില്ലാതെ യാത്ര ചെയ്ത്, ക്യാമറയുടെ മുന്നിലെത്തിയപ്പോൾ നമ്പർ പ്ലേറ്റ് കൈ കൊണ്ട് മറച്ച് അതിബുദ്ധി കാണിച്ച വിദ്യാർഥിയെ കഴിഞ്ഞ ദിവസം ഉച്ചാരക്കടവിൽ നിന്ന് മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടി. പല ഗതാഗത ലംഘനങ്ങൾ ചേർത്ത് 13,000 രൂപ പിഴയിട്ടു. ലൈസൻസ് റദ്ദാക്കാനായി ആർടിഒക്കു അപേക്ഷ നൽകുകയും ചെയ്തു. റിപ്പോർട്ട് പരിഗണിച്ച് ആർടിഒ തുടർ നടപടി സ്വീകരിക്കും. ഉച്ചാരക്കടവിൽ നിന്നു പിടികൂടിയ വാഹനം ആർസിയിൽ പേരുള്ള ഉടമയുടെ കൈവശമല്ല. അദ്ദേഹം വിറ്റ ശേഷം 2 തവണ വാഹനം കൈമാറ്റം ചെയ്തു. എന്നിട്ടും, 2 മണിക്കൂർ കൊണ്ടാണ് ഗതാഗത നിയമം ലംഘിച്ചയാളെ എൻഫോഴ്സമെന്റ് പിടികൂടിയത്.

റോഡ് ക്യാമറയിൽ വാഹനത്തിന്റെയും അതിൽ സഞ്ചരിക്കുന്നയാളുകളുടെയും ചിത്രം വ്യക്തമായാണ് പതിയുന്നത്. നമ്പർ പ്ലേറ്റ് മറച്ചാലും ചിത്രത്തിൽ നിന്ന് ആളുകളെയും വാഹനങ്ങളും എളുപ്പത്തിൽ തിരിച്ചറിയാനാകുമെന്നു എൻഫോഴ്സ്മെന്റ് വിഭാഗം പറയുന്നു.ക്യാമറയ്ക്ക് മുന്നിലെത്തുമ്പോൾ കൈ കൊണ്ട് നമ്പർ പ്ലേറ്റിന്റെ ഭാഗം മറയ്ക്കുക, നമ്പർ പ്ലേറ്റിലെ ഒന്നോ രണ്ടോ അക്കങ്ങൾ കടലാസോ മറ്റോ ഉപയോഗിച്ച് മറക്കുക എന്നിവയാണ് ചെയ്യുന്നത്. കുറച്ചു ദിവസങ്ങളായി ജില്ലയിൽ ഇത്തരം ഒട്ടേറെ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെയാണ്, ഇത്തരക്കാർക്കെതിരെ നടപടി കർശനമാക്കാൻ എൻഫോഴ്സ്മെന്റ് വിഭാഗം തീരുമാനിച്ചത്.

ഭൂരിഭാഗവും വിദ്യാർഥികളും യുവാക്കളുമാണ് ഇത്തരം വിദ്യകൾ ഒപ്പിക്കുന്നത്. ഉച്ചാരക്കടവിൽ നിന്നു പിടികൂടിയ ബൈക്കിനു പിന്നിലിരുന്ന വ്യക്തി ഹെൽമറ്റ് വയ്ക്കാത്തതായിരുന്നു കുറ്റം. എന്നാൽ, പിടികൂടിയപ്പോൾ ഇൻഷുറൻസ് ഇല്ലാത്തതടക്കം പല ലംഘനങ്ങളും കണ്ടെത്തി. ഇതെല്ലാം ചേർത്താണ് 13,000 രൂപ പിഴ ഈടാക്കിയത്. വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറക്കുന്നതിന് 3000 രൂപയാണ് പിഴ. എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരായ എംവിഐ പ്രമോദ് ശങ്കർ, എഎംവിഐമാരായ ഷൂജ മാട്ടട, സബീർ പാക്കാടൻ, പി.പ്രജീഷ് എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button