KERALA

കോഴിയിറച്ചിക്ക് തീവില, 250 രൂപ വരെ എത്തി: എന്തുകൊണ്ട് വില കൂടുന്നു? ..

മലപ്പുറം∙ ജില്ലയിൽ കോഴിയിറച്ചിക്ക് തീവില. 140 മുതൽ 155 രൂപവരെയാണ് വിവിധ പ്രദേശങ്ങളിൽ  ഒരു കിലോഗ്രാം കോഴിയുടെ വില. 180 വരെ ഉയർന്ന സ്ഥലങ്ങളുമുണ്ട്. ഇറച്ചി മാത്രമായി വാങ്ങുകയാണെങ്കിൽ കിലോയ്ക്ക് 220 –250 രൂപ നൽകണം. ഒരു മാസത്തോളമായി ദിനംപ്രതിയെന്നോണമാണ്  വില കൂടുന്നത്. ഉത്സവ സീസണോ കോഴിക്ക് കൂടുതൽ ആവശ്യക്കാരുള്ള സമയമോ അല്ലാതിരുന്നിട്ടും വില വർധിച്ചുകൊണ്ടിരിക്കുന്നു. 

ട്രോളിങ് നിരോധനം തുടങ്ങി മീൻ കൂടി ലഭ്യമല്ലാതാകുന്നതോടെ കോഴിവില ഇനിയും കൂടുമെന്ന ആശങ്കയുണ്ട്. അധ്യയന വർഷം തുടങ്ങുന്ന സമയത്ത് കോഴിവില കുറയുകയാണു പതിവെന്ന് കച്ചവടക്കാർ പറയുന്നു. ഫാമുകളിൽ കോഴിക്ക് വില വർധിച്ചതാണ് കാരണമെന്ന് വ്യാപാരികൾ പറയുന്നു. എന്നാൽ, കോഴിത്തീറ്റയ്ക്കും കോഴിക്കുഞ്ഞുങ്ങൾക്കും വില കൂടിയതുമാണ് കാരണമെന്ന് ജില്ലയിലെ ഫാം ഉടമകൾ പറയുന്നു. ആഭ്യന്തര ഉൽപാദനം കുറയുമ്പോൾ സംസ്ഥാനത്തെ കോഴിവില നിശ്ചയിക്കുന്നത് തമിഴ്നാട് ലോബിയാണ്. ഇത്തവണയും അതുതന്നെയാണ് നടക്കുന്നതെന്ന് മേഖലയിൽ പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.

ജില്ലയിൽ ഉൽപാദിപ്പിക്കുന്ന കോഴിയുടെ അളവ് കുറഞ്ഞതാണ് പൊടുന്നനെയുള്ള വിലക്കയറ്റത്തിനു കാരണം. ഉൽപാദനം കുറയാൻ 2 കാരണങ്ങളുണ്ട്. സാധാരണ കോഴിവില ഏറ്റവും കുറവുള്ള സമയമാണിത്. വില കുത്തനെ ഇടിഞ്ഞാൽ നഷ്ടം സംഭവിക്കുമെന്ന ആശങ്കയിൽ പല ഫാമുകളിലും കോഴിക്കുഞ്ഞുങ്ങളെ ഇറക്കിയില്ല. കടുത്ത ചൂട് കാരണം പല ഫാമുകളിലും കോഴിക്കുഞ്ഞുങ്ങൾ ചാവുകയും ചെയ്തു. ഇതോടെ, ആഭ്യന്തര ഉൽപാദനം കുത്തനെ ഇടിഞ്ഞു.

ഇതോടെ, തമിഴ്നാട്ടിൽനിന്നുള്ള വരവിനെ പൂർണമായി ആശ്രയിക്കേണ്ട സ്ഥിതി വന്നു. അവർ അവസരം മുതലെടുത്തതോടെ കോഴിവില കുത്തനെ ഉയർന്നു. സാധാരണ ഗതിയിൽ ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞിന് 16–18 രൂപ നിരക്കിലാണ് ജില്ലയിലെ ഫാമുകൾക്ക് നൽകിയിരുന്നത്. ഇപ്പോൾ 25 രൂപയ്ക്കാണ് നൽകുന്നത്. സ്വാഭാവികമായും ഫാമുകളിൽനിന്ന് നൽകുന്ന കോഴിയുടെ വിലയും വർധിച്ചു. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button