കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് വി.എം സുധീരന്‍ രാജിവച്ചു
കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് വി.എം സുധീരന്‍ രാജിവച്ചു. ആരോഗ്യകരമായ കാരണങ്ങളാല്‍ രാജിവയ്ക്കുന്നു എന്നാണ് വിഎം സുധീരന്‍ നല്‍കിയ വിശദീകരണം. പാര്‍ട്ടിയില്‍ സാധാരണ പ്രവര്‍ത്തകനായി തുടരുമെന്ന് വി.എം സുധീരന്‍ വ്യക്തമാക്കി. ഇന്നലെ രാത്രിയാണ് രാജിക്കാര്യം അറിയിച്ചുള്ള കത്ത് വി എം സുധീരന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന് കൈമാറിയത്. കടുത്ത അതൃപ്തിയെ തുടര്‍ന്നാണ് സുധീരന്റെ രാജി.
അതേസമയം വിഎം സുധീരന്റെ രാജി നിരാശാജനകമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചു. രാജി വാര്‍ത്ത അറിഞ്ഞത് മാധ്യമങ്ങളിലൂടെ ആണെന്നും, സുധീരനുമായി സംസാരിച്ച് പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.
വിഎം സുധീരന്റെ രാജിക്ക് പിന്നിലെ കാരണം അറിയില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രതികരിച്ചു. പാര്‍ട്ടിയില്‍ കൂടിയാലോചന നടക്കാറുണ്ടെന്നും എന്നാല്‍ പലരും എത്താറില്ല എന്നതാണ് തന്റെ പ്രശ്‌നമെന്നും സുധാകരന്‍ പറഞ്ഞു. പുനസംഘടനയുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയിട്ടുണ്ട്. രണ്ടു തവണ വിളിച്ചിരുന്നു, വീട്ടില്‍ പോയി കണ്ടിരുന്നുവെന്ന് കെ സുധാരന്‍ വ്യക്തമാക്കി.
അതേസമയം, കെപിസിസി പുനഃസംഘടനാ ചര്‍ച്ചകളുടെ ഭാഗമായി സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് കേരളത്തിലെത്തും. ഉച്ചയോടെ കൊച്ചിയിലെത്തുന്ന അദ്ദേഹം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനടക്കമുള്ള നേതാക്കളുമായി ചര്‍ച്ച നടത്തും. പുനഃസംഘടന ഈ മാസം 30ന് അകം പൂര്‍ത്തിയാക്കാനുള്ള നീക്കങ്ങളാണ് നേതൃതലത്തില്‍ നടക്കുന്നത്.