കോട്ടയ്ക്കലിൽ വൻ ദുരന്തം ഒഴിവായി; രക്ഷകനായി പെട്രോൾ പമ്പ് ജീവനക്കാരൻ

കോട്ടയ്ക്കൽ: പുത്തൂരിലെ പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ കാറിന് തീപിടിച്ചു. ജീവനക്കാരന്റെ അവസരോചിതമായ ഇടപെടലിൽ വൻ ദുരന്തമാണ് ഒഴിവായത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. മലപ്പുറത്തു നിന്ന് കോട്ടയ്ക്കലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച വാഗണ്‍ ആർ കാറിനാണ് തീപിടിച്ചത്. മൂന്ന് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. വാഹനം ഓഫ് ചെയ്യാതെ പെട്രോൾ അടിക്കുന്നതിനിടെ കാറിനടിയിൽ നിന്നും എഞ്ചിൻ ഭാഗത്തുനിന്നും തീയും പുകയും ഉയരുകയായിരുന്നു. ഉടൻ തന്നെ കാറിലുണ്ടായിരുന്നവർ പുറത്തിറങ്ങി ഓടി രക്ഷപ്പെട്ടു. തീ കണ്ടതോടെ മറ്റുള്ളവർ ഭയന്ന് മാറിയെങ്കിലും പമ്പിലെ ജീവനക്കാരനായ ബിഹാർ സ്വദേശി അനിൽ ഉടൻ തന്നെ സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിച്ച് തീയണക്കുകയായിരുന്നു. അനിലിന്റെ ധീരമായ ഇടപെടലാണ് തീ പടരുന്നത് തടയാനും വൻ അപകടം ഒഴിവാക്കാനും സഹായിച്ചത്. തീപിടുത്തത്തിൽ കാറിന്റെ എഞ്ചിൻ ഭാഗം കത്തിനശിച്ചു.













