KERALA

കോട്ടയം നഴ്സിങ് കോളേജിലെ റാഗിങ്; പ്രിൻസിപ്പാളിനേയും അസി.പ്രൊഫസറേയും സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: കോട്ടയം നേഴ്സിങ് കോളേജിലെ റാഗിങ് സംഭവുമായി ബന്ധപ്പെട്ട് കോളേജ് പ്രിൻസിപ്പാളിനേയും അസിസ്റ്റന്റ് പ്രൊഫസറേയും സസ്പെൻഡ് ചെയ്തു.പ്രിൻസിപ്പല്‍ പ്രൊഫ.സുലേഖ എ.ടി, അസി. പ്രൊഫസർ അജീഷ് പി മാണി എന്നിവർക്കെതിരേയാണ് അന്വേഷണവിധേയമായുള്ള നടപടി. ആരോഗ്യമന്ത്രിയാണ് നടപടിക്ക് നിർദേശം നല്‍കിയിരിക്കുന്നത്.

മെൻസ് ഹോസ്റ്റല്‍ വാർഡന്റെ ചുമതല വഹിച്ചിരുന്നത് അസിസ്റ്റന്റ് പ്രൊഫസറായിരുന്നു. ഹോസ്റ്റലിലെ റാഗിങ് തടയുന്നതിലും ഇടപെടുന്നതിനും കോളേജിന് വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഹോസ്റ്റലിലെ ഹൗസ് കീപ്പർ കം സെക്യൂരിറ്റിയെ അടിയന്തരമായി നീക്കം ചെയ്യാനും നിർദേശമുണ്ട്. സംഭവത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അന്വേഷണം നടത്തിയതിന് പിന്നാലെയാണ് നടപടി.

ഗവ.മെഡിക്കല്‍ കോളേജിലെ മൂന്നാംവർഷ ജനറല്‍ നഴ്സിങ് വിദ്യാർഥികളായ അഞ്ചുപേരാണ് ഒന്നാംവർഷ വിദ്യാർഥികളെ കഴിഞ്ഞ മൂന്നുമാസമായി ക്രൂരമായ റാഗിങ്ങിനിരയാക്കിയത്. റാഗിങ്ങിന്റെ ദൃശ്യങ്ങളും ഇവർ പകർത്തി. സംഭവത്തില്‍ അഞ്ച് വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നഴ്സിങ് കോളേജിലെ ജനറല്‍ നഴ്സിങ് സീനിയർ വിദ്യാർഥികളായ കോട്ടയം വാളകം സ്വദേശി സാമുവല്‍ ജോണ്‍സണ്‍(20), മലപ്പുറം വണ്ടൂർ സ്വദേശി രാഹുല്‍ രാജ്(22), വയനാട് നടവയല്‍ സ്വദേശി ജീവ(18), മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി റിജില്‍ ജിത്ത്(20), കോട്ടയം കോരുത്തോട് സ്വദേശി വിവേക്(21) എന്നിവരെയാണ് റാഗിങ് കേസില്‍ ഗാന്ധിനഗർ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബറില്‍ ഒന്നാംവർഷ വിദ്യാർഥികള്‍ക്ക് ക്ലാസ് ആരംഭിച്ചതുമുതല്‍ പ്രതികള്‍ ഇവരെ റാഗിങ്ങിന് വിധേയരാക്കിയെന്നാണ് വിവരം. ഒന്നാംവർഷ ജനറല്‍ നഴ്സിങ് ക്ലാസില്‍ ആറ് ആണ്‍കുട്ടികളാണുണ്ടായിരുന്നത്. ഇവരെല്ലാം റാഗിങ്ങിനിരയായി. പ്രതികളായ സാമൂവല്‍, ജീവ, റിജില്‍ ജിത്ത്, രാഹുല്‍ രാജ്, വിവേക് എന്നിവർ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button