കോട്ടക്കലിന് സ്വന്തം വില്ലേജ് ഓഫിസാകുന്നു.

കോട്ടക്കൽ: വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ കോട്ടക്കലിന് സ്വന്തം വില്ലേജ് ഓഫിസ് കെട്ടിടമാകുന്നു. സബ് രജിസ്ട്രാർ ഓഫിസ് വളപ്പിൽ ഹാൾ, മുറികൾ, ഓഫിസ്, റാമ്പ്, ശുചിമുറി എന്നീ സൗകര്യത്തോടെയാണ് കെട്ടിടം നിർമിച്ചത്. 50 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. രാവിലെ 11ന് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി. അബ്ദുറഹ്്മാൻ അധ്യക്ഷത വഹിക്കും.
നഗരസഭ കാര്യാലയത്തിലെ പഴയ കെട്ടിടത്തിലായിരുന്നു നേരത്തെ ഓഫിസ് പ്രവർത്തിച്ചിരുന്നത്. ഇതുകാരണം നാട്ടുകാരും ജീവനക്കാരും ഏറെ പ്രയാസത്തിലായിരുന്നു. തുടർന്ന് ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റി ‘സാന്ത്വന സ്പർശം’ പദ്ധതി വഴി മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതിന് പിന്നാലെ രജിസ്ട്രേഷൻ വകുപ്പിന് കീഴിലുള്ള 20 സെന്റ് ഭൂമി വിട്ടുനൽകാൻ തീരുമാനിക്കുകയായിരുന്നു. അതേസമയം, കെട്ടിടം യാഥാർഥ്യമായെങ്കിലും ഉദ്യോഗസ്ഥരുടെ കുറവ് തിരിച്ചടിയാണ്. സ്പെഷൽ വില്ലേജ് ഓഫിസാറായി നിയമിച്ചയാൾ ഇടുക്കിയിലേക്ക് മാറി. ടൈപ്പിസ്റ്റ് വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്തെങ്കിലും ഇതുവരെ ചുമതല ഏറ്റെടുത്തിട്ടില്ല. വി.എഫ്.എ ചുമതലയുള്ളൾക്ക് നടുവട്ടത്താണ് ജോലി. പകരം സംവിധാനം ഒരുക്കിയിട്ടില്ല. വില്ലേജ് ഓഫിസർ, വില്ലേജ് അസിസ്റ്റന്റ്, രണ്ട് ഫീൽഡ് അസിസ്റ്റന്റ്, ഓഫിസ് അസിസ്റ്റന്റ് എന്നിവരാണ് നിലവിലുള്ളത്.
