KERALA

കൊവിഡ് കൂട്ട പരിശോധന വിദഗ്ധരുടെ അഭിപ്രായം മാനിച്ച്; ഡോക്ടർമാർക്ക് മറുപടിയുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് കൂട്ട പരിശോധന വിദഗ്ധരുടെയും ജനങ്ങളുടെയും അഭിപ്രായം മാനിച്ചാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കൂട്ട പരിശോധന അശാസ്ത്രീയമാണെന്ന സർക്കാർ ഡോക്ടർമാരുടെ വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു ആരോഗ്യമന്ത്രി. കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ ആണ് കൂട്ട പരിശോധന നടത്തുന്നതെന്ന് മന്ത്രി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

നേരത്തെ പരിശോധന കുറഞ്ഞു എന്നായിരുന്നു ആക്ഷേപം. കൂട്ടപരിശോധന എല്ലാ ദിവസവും ഇല്ല. വിദഗ്ധരുടെയും ജനങ്ങളുടെയും അഭിപ്രായം മാനിച്ചാണ് കൂട്ട പരിശോധന നടത്തുന്നത്. കെജിഎംഒഎയ്ക്ക് സർക്കാർ തീരുമാനത്തിനെതിരെ നിൽക്കാനാകില്ലെന്നും മന്ത്രി കെകെ ശൈലജ പ്രതികരിച്ചു.

നിരന്തരമായി കൂട്ട പരിശോധന ഉണ്ടാകില്ലെന്ന് പറഞ്ഞ മന്ത്രി വരും ദിവസങ്ങളിലെ സ്ഥിതി നോക്കിയാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും വ്യക്തമാക്കി. പരിശോധനാ ഫലം നൽകാൻ വൈകുന്നതിനാൽ കൂട്ട പരിശോധന അശാസ്ത്രീയമാണെന്ന് കെജിഎംഒഎ വിമർശിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. സർക്കാർ ഡോക്ടർമാരുടെ സംഘടനയായണ് കെജിഎംഒഎ.

ഫലം വൈകുന്നത് കൂട്ട പരിശോധനയുടെ ലക്ഷ്യം തകർക്കുകയാണ്. രോഗലക്ഷണമുള്ളവരിലേയ്ക്കും സമ്പർക്കപ്പട്ടികയിലുള്ളവരിലേയ്ക്കുമായി പരിശോധന ചുരുക്കണം. ലാബ് സൗകര്യം വർധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളായിരുന്നു കെജിഎംഒ ഉയർത്തിയത്. ഇക്കാര്യം ആവശ്യപ്പെട്ട് സംഘടന ചീഫ് സെക്രട്ടറിക്ക് കത്തും നൽകിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button