പുതിയ ഏരിയാ സെക്രട്ടറിയെച്ചൊല്ലി പൊന്നാനി സി പി എമ്മിൽ വിഭാഗീയത രൂക്ഷം;മുഹമ്മദ്കുഞ്ഞിക്കെതിരെ പടയൊരുക്കം
പൊന്നാനി: സി പി എം പൊന്നാനി ഏരിയാകമ്മറ്റി സെക്രട്ടറിയെ നിയമിക്കുന്നതിനെച്ചൊല്ലി സി പി എമ്മിൽ വീണ്ടും വിഭാഗീയത കനക്കുന്നു. പൊന്നാനിയിലെ മുതിർന്ന നേതാവും മുൻ ജില്ലാ കമ്മറ്റി അംഗവുമായിരുന്ന ടി എം സിദ്ധീഖിനെതിരെ പട നയിച്ച സി പി മുഹമ്മദ് കുഞ്ഞിയെ എരിയാ കമ്മറ്റി സെക്രട്ടറിയാക്കാനുള്ള നീക്കമാണ് പുതിയ വിഭാഗീയതയ്ക്ക് കാരണമായിട്ടുള്ളത്.
ഏരിയാ കമ്മറ്റിയിൽ ഏറ്റവും ജൂനിയറായ സി പി മുഹമ്മദ് കുഞ്ഞിയെ ഏരിയാ സെക്രട്ടറിയാക്കുന്നത് പി ശ്രീരാമകൃഷ്ണൻ്റെ ഇടപെടൽ മൂലമാണ്.പൊന്നാനിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തുണ്ടായ കനത്ത വിഭാഗീയതയിൽ ടി എം സിദ്ധീഖിനെതിരെ പ്രവർത്തിച്ചവരാണ് പി ശ്രീരാമകൃഷ്ണനും സി പി മുഹമ്മദ്കുഞ്ഞിയും.പാർട്ടി പ്രവർത്തകരുടെ വികാരം മാനിച്ച് ടി എം സിദ്ധീഖിനെ ഏരിയാ കമ്മറ്റിയിൽ ഉൾപ്പെടുത്തിയിരുന്നു. ഏറെ ജൂനിയറായ മുഹമ്മദ് കുഞ്ഞിയെ സെക്രട്ടറിയായി നിയമിച്ചാൽ കമ്മറ്റിയിൽ രണ്ട് അധികാര കേന്ദ്രങ്ങൾ ഉണ്ടാകുമെന്നാണ് നേതാക്കന്മാരുടെ ആശങ്ക.ഇത് വിഭാഗീയതയെ ശക്തിപ്പെടുത്തും.എം എ ഹമീദിനെപ്പോലെയുള്ള സീനിയറായ നേതാക്കന്മാരെ മാറ്റി നിർത്തിയാണ് പി ശ്രീരാമകൃഷ്ണൻ്റെ താൽപര്യത്തിന് വഴങ്ങി മുഹമ്മദ് കുഞ്ഞിയെ സെക്രട്ടറിയാക്കാൻ നീക്കം നടക്കുന്നത്.
ഇതിനെതിരെ ഒരു വിഭാഗം പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.അടുത്ത ഏരിയാ കമ്മറ്റിയിലാണ് പുതിയ സെക്രട്ടറിയെ തീരുമാനിക്കുക. പൊന്നാനിയിലെ പാർട്ടി നേതൃത്വത്തെ കൈപ്പിടിയിലൊതുക്കാനുള്ള പി ശ്രീരാമകൃഷ്ണൻ്റെ നീക്കത്തെ തടയുകയാണ് മറു വിഭാഗത്തിൻ്റെ ലക്ഷ്യം.ഇതിന് ഏരിയാ സെക്രട്ടറിയായി എം എ ഹമീദിനെ നിയമിക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്.
നിലവിലെ ഏരിയാ കമ്മറ്റിയിൽ ചെറിയൊരു വിഭാഗം വിഭാഗീയതയുടെ ഭാഗമായി ടി എം സിദ്ധീഖിനെ പരസ്യമായി തള്ളിപ്പറഞ്ഞവരാണെങ്കിലും ടി എം സിദ്ധീഖിൻ്റെ തിരിച്ചുവരവ് ഏറെ ആവേശത്തോടെയാണ് അവരും കാണുന്നത്.കാരണം തീരദേശത്ത് ഏറ്റവും ജനകീയനായ നേതാവാണ് ടി എം സിദ്ധിഖ്. അത് കണ്ടില്ലെന്ന് നടിക്കാൻ ജില്ലാ നേതൃത്വത്തിനും കഴിയില്ല.മുഹമ്മദ് കുഞ്ഞി ഏരിയാ സെക്രട്ടറിയാകുമ്പോൾ പൊന്നാനിയിൽ വിഭാഗീയത രൂക്ഷമാകുമെന്ന പ്രവർത്തകരുടെയും നേതാക്കളുടെയും മുന്നറിയിപ്പ് കരുതലോടെയാണ് ജില്ലാ നേതൃത്വം കൈകാര്യം ചെയ്യുക.