കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്
April 23, 2023
പെരുമ്പിലാവ്: കൊരട്ടിക്കര ബദരിയ ജുമാമസ്ജിദിന് സമീപം നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ച് അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രികന് ഗുരുതരമായി പരിക്കേറ്റു. കാട്ടകാമ്പാൽ ഐനൂർ സ്വദേശി നെല്ലിക്കൽ വീട്ടിൽ 41 വയസ്സുള്ള റിജുവിനാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. മലപ്പുറത്തേക്ക് പോകുകയായിരുന്ന കാറും എതിർ ദിശയിൽ വരികയായിരുന്ന സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ 30 മീറ്ററോളം അകലെയുള്ള വീടിന്റെ മുറ്റത്തേക്ക് തെറിച്ചുവീണു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റിജുവിനെ ആദ്യം പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽ കാറിലുണ്ടായിരുന്ന ഒരാൾക്ക് നിസ്സാര പരിക്കേറ്റു.ഇയാളെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ബൈക്ക് പൂർണ്ണമായും കാറിന്റെ മുൻവശം ഭാഗികമായും തകർന്നു. സംഭവത്തെ തുടർന്ന് കുന്നംകുളം അഡീഷണൽ എസ്ഐ പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. കാർ യാത്രികൻ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.