കൊമ്പൻ കര കയറി; കിണറിടിച്ച് കാട്ടാനയെ രക്ഷിച്ചു
മലപ്പുറം: ഊര്‍ങ്ങാട്ടിരിയില്‍ കിണറ്റില്‍ വീണ കാട്ടാനയെ പുറത്തെത്തിച്ചു. 20 മണിക്കൂറിന് ശേഷമാണ് കാട്ടാനയെ പുറത്തെത്തിച്ചത്. അവശനിലയിലായ കാട്ടാനയെ ജെസിബി ഉപയോഗിച്ച് കിണറിടിച്ചാണ് പുറത്തെത്തിച്ചത്. അറുപതംഗ വനംവകുപ്പ് സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് 25 അടി താഴ്ചയുള്ള കിണറ്റില്‍ കാട്ടാനയെ കണ്ടെത്തിയത്. കൂരങ്കല്ല് സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് കാട്ടാന വീണത്. വന്യജീവി ആക്രമണം നിരന്തരം നേരിടുന്ന പ്രദേശം കൂടിയാണിത്. ഇന്നലെ രാത്രി ആനക്കൂട്ടം വന്നപ്പോള്‍ അതിലൊരു ആന കിണറ്റില്‍ വീണതെന്നാണ് നിഗമനം. പടക്കം പൊട്ടിച്ചാണ് പല സമയത്തും നാട്ടുകാര്‍ കാടിറങ്ങി വരുന്ന ആനയെ തുരത്തുന്നത്. ഇന്നലെ മറ്റ് ആനകളെ പടക്കം പൊട്ടിച്ച് തുരത്തുന്നതിനിടയിലാണ് ഈ കാട്ടാന കിണറ്റില്‍ വീണത്. കൃഷി ആവശ്യത്തിന് മാത്രമായി ഉപയോഗിക്കുന്ന കിണറിന് ആള്‍മറ ഉണ്ടായിരുന്നില്ല.