കൊട്ടിക്കലാശത്തിന് കൊടിയിറങ്ങി; പരസ്യപ്രചാരണം അവസാനിച്ചു, ഇനി നിശബ്ദപ്രചാരണം
എടപ്പാൾ: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചു. കൊട്ടിക്കലാശത്തോടെയാണ് ഇരുപത്തിമൂന്ന് ദിവസത്തെ പ്രചാരണപ്പൂരത്തിന് കൊടിയിറങ്ങിയത്. ഇനി നിശബ്ദപ്രചാരണമാണ്. മറ്റന്നാൾ കേരളം പോളിങ് ബൂത്തിലെത്തും
പ്രഖ്യാപനം തൊട്ട് ഓരോ ദിവസം ചൂടേറിയ തിരഞ്ഞെടുപ്പ് ആവേശം, പ്രചാരണത്തിന്റെ അവസാനമണിക്കൂറുകളിൽ ഏറ്റവും പാരമ്യത്തിലേക്ക്. അവസാനലാപ്പിൽ സ്ഥാനാർഥികളും അണികളും അത്യാവേശത്തിലായിരുന്നു. കൊടുംചൂടിനിടയിലാണ്, ഇരുപത്തി മൂന്ന് ദിവസം നീണ്ടുനിന്ന പ്രചാരണം കൊട്ടിക്കലാശിച്ചത്. വിവാദങ്ങളും ആരോപണങ്ങളും വാക്പോരും പ്രചാരണത്തിൽ നിറഞ്ഞു. കൊട്ടിക്കലാശ ദിവസവും ആരോപണങ്ങൾക്കും വിവാദങ്ങൾക്കും കുറവില്ലായിരുന്നു.
ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകൾ. വോട്ടേഴ്സിനെ നേരിൽ കണ്ട് പരമാവധി വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാകും സ്ഥാനാർഥികളും മുന്നണികളും. അടിയൊഴുക്കുകളും അട്ടിമറികളും തടയാനുള്ള ജാഗ്രതയും. നാളെയാണ് പോളിങ് സാമഗ്രികളുടെ വിതരണം. 2.71 കോടി വോട്ടേഴ്സ് മറ്റന്നാൾ പോളിങ് ബൂത്തിലെത്തും. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. മെയ് നാലിനാണ് വോട്ടെണ്ണൽ. കേരളം ആര് ഭരിക്കുമെന്നറിയാൻ 27 ദിവസത്തെ കാത്തിരിപ്പ് കൂടി.