കളമശ്ശേരി: കൊച്ചി മെട്രോ പ്രവര്‍ത്തന ലാഭമുണ്ടാക്കുന്ന സ്ഥാപനമായി വളർന്നത് അഭിമാനകരമാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സർവിസ് കളമശ്ശേരി ബസ് സ്റ്റാൻഡില്‍ ഫ്ലാഗ്ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം. ഹൈബി ഈഡൻ എം.പി, എം.എല്‍.എമാരായ കെ.എൻ. ഉണ്ണികൃഷ്ണൻ, അൻവർ സാദത്ത്, കളമശ്ശേരി നഗരസഭ ചെയർപേഴ്സൻ സീമ കണ്ണൻ, പ്ലാനിങ് ബോർഡ് അംഗം ജമാല്‍ മണക്കാടൻ, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ലോക് നാഥ് ബഹ്റ, അഡീഷനല്‍ ജനറല്‍ മാനേജർ (അർബൻ ട്രാൻസ്പോർട്ട്) ടി.ജി. ഗോകുല്‍ തുടങ്ങിയവർ സംസാരിച്ചു.വ്യാഴാഴ്ച രാവിലെ മുതല്‍ ആലുവ-എയർപോർട്ട് റൂട്ടിലും കളമശ്ശേരി റൂട്ടിലും സർവിസ് നടത്തും. തുടർന്ന് ഘട്ടംഘട്ടമായി മറ്റ് റൂട്ടുകളിലും സർവിസ് ആരംഭിക്കും. ആലുവ-എയര്‍പോര്‍ട്ട്, കളമശ്ശേരി-മെഡിക്കല്‍ കോളജ്, ഹൈകോര്‍ട്ട്-എം.ജി റോഡ് സര്‍ക്കുലര്‍, കടവന്ത്ര-കെ.പി വള്ളോന്‍ റോഡ് സര്‍ക്കുലര്‍, കാക്കനാട് വാട്ടര്‍മെട്രോ-ഇന്‍ഫോപാര്‍ക്ക്, കിന്‍ഫ്രപാര്‍ക്ക്, കലക്ടറേറ്റ് റൂട്ടുകളിലാണ് തുടക്കത്തില്‍ സർവിസ് ആരംഭിക്കുന്നത്. ആലുവ-എയര്‍പോര്‍ട്ട് റൂട്ടില്‍ 80 രൂപയും മറ്റു റൂട്ടുകളില്‍ അഞ്ച് കി.മീ. യാത്രക്ക് മിനിമം 20 രൂപയുമാണ് പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ഇലക്ട്രിക് ബസിലെ യാത്ര നിരക്ക്.
കൊച്ചി മെട്രോ, വാട്ടർ മെട്രോ സ്റ്റേഷനുകളിലേക്കുള്ള ഫസ്റ്റ് മൈല്‍-ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി വര്‍ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് 15 ഇലക്ട്രിക് ബസുകള്‍ വാങ്ങി കൊച്ചി മെട്രോ സർവിസ് നടത്തുന്നത്. എയര്‍പോര്‍ട്ട് റൂട്ടില്‍ നാലു ബസുകളും കളമശ്ശേരി റൂട്ടില്‍ രണ്ട് ബസുകളും ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ ഒരു ബസും കലക്ടറേറ്റ്റൂട്ടില് രണ്ട് ബസും ഹൈകോര്‍ട്ട് റൂട്ടില്‍ മൂന്നുബസും കടവന്ത്ര റൂട്ടില്‍ ഒരുബസുമാണ് സർവിസ് നടത്തുന്നത്. എയര്‍പോര്‍ട്ട് റൂട്ടില്‍ തിരക്കുള്ള സമയങ്ങളില്‍ 20 മിനിറ്റ് ഇടവിട്ടും തിരക്കില്ലാത്ത സമയങ്ങളില്‍ 30 മിനിറ്റും ഇടവിട്ട് സർവിസുകള്‍ ഉണ്ടാകും. രാവിലെ 6.45ന് സർവിസ് ആരംഭിക്കും. രാത്രി 11നാണ് എയര്‍പോര്‍ട്ടില്‍നിന്ന് ആലുവക്കുള്ള അവസാന സർവിസ്. കളമശ്ശേരി-മെഡിക്കല്‍ കോളജ് റൂട്ടില്‍ 30 മിനിറ്റ് ഇടവിട്ട് സര്‍വിസ് ഉണ്ടാകും.
രാവിലെ 8.30 മുതല്‍ വൈകിട്ട് 7.30 വരെയാണ് സർവിസ്. കാക്കനാട് വാട്ടർ മെട്രോ-കിൻഫ്ര-ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ രാവിലെ എട്ടുമുതല്‍ വൈകീട്ട് ഏഴുവരെ 25 മിനിറ്റ് ഇടവിട്ട് സർവിസ് ഉണ്ടാകും. കാക്കനാട് വാട്ടർ മെട്രോ-കലക്ടറേറ്റ് റൂട്ടില്‍ 20 മിനിറ്റ്ഇടവിട്ട് രാവിലെ എട്ടുമുതല്‍ വൈകീട്ട് 7.30 വരെ സർവിസ് ഉണ്ടാകും. ഹൈകോര്‍ട്ട്-എം.ജി റോഡ് സര്‍ക്കുലര്‍ റൂട്ടില്‍ 10 മിനിറ്റ് ഇടവിട്ട് രാവിലെ 8.30 മുതല്‍ വൈകിട്ട് 7.30 വരെയും കടവന്ത്ര കെ.പി വള്ളോന്‍ റോഡ് – പനമ്ബിള്ളിനഗർ റൂട്ടില്‍ 25 മിനിറ്റ് ഇടവിട്ട് രാവിലെ ഒമ്ബതുമുതല്‍ വൈകീട്ട് എഴുവരെയും സർവിസ് ഉണ്ടാകും.