KERALA

കൈറ്റ് വിക്ടേഴ്സിൽ ജനുവരി 21 മുതൽ ഡിജിറ്റൽ ക്ലാസുകൾക്ക് സമയക്രമം.

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് വഴിയുള്ള 2.0 ഡിജിറ്റൽ ക്ലാസുകൾക്ക് ജനുവരി 21 മുതലുള്ള പുതിയ സമയക്രമം കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) പ്രസിദ്ധീകരിച്ചു. ഓരോ ക്ലാസും കൈറ്റ് വിക്ടേഴ്സിൽ സംപ്രേഷണം ചെയ്യുന്നത് അടുത്ത ദിവസം രണ്ടാം ചാനലായ കൈറ്റ് വിക്ടേഴ്സ് പ്ലസിൽ മറ്റൊരു സമയത്ത് പുനഃസംപ്രേഷണം ചെയ്യും.എല്ലാ ക്ലാസുകളും ഫസ്റ്റ്ബെൽ പോർട്ടലിൽ(www.Firstbell.kite.kerala.gov.in) ലഭ്യമാക്കുകയും ചെയ്യും.

കൈറ്റ് വിക്ടേഴ്സിൽ പ്ലസ് വണ്ണിന് രാവിലെ 7 മുതൽ 8.30 വരെ മൂന്ന് ക്ലാസുകളും പ്ലസ്ട്ടുവിന് വൈകുന്നേരം 3.30 മുതൽ 730 വരെ എട്ടു ക്ലാസുകളും സംപ്രേഷണം ചെയ്യും. പ്രീപ്രൈമറി ക്ലാസുകൾ രാവിലെ 8.30ന്. രാവിലെ 9.00, 9.30, 10.00, 10.30, 11.00, 11.30, ഉച്ചയ്ക്ക് 12.00, 12.30, എന്നീ സമയങ്ങളിൽ യഥാക്രമം 1, 2, 3, 4, 5, 6, 7, 8 ക്ലാസുകൾ സംപ്രേഷണം ചെയ്യും. ഒൻപതാം ക്ലാസിന് ഉച്ചയ്ക്ക് 1 മുതൽ 2 വരെ രണ്ട് ക്ലാസുകളും പത്താം ക്ലാസിന് ഉച്ചയ്ക്ക് 2 മുതൽ 3.30 വരെ മൂന്ന് ക്ലാസുകളും കൈറ്റ് വിക്ടേഴ്സിൽ സംപ്രേഷണം ചെയ്യും. പത്താം ക്ലാസിന് രാത്രി 9.30 മുതൽ പുനഃസംപ്രേഷണം ഉണ്ടാകും.

ക്ലാസുകളുടെ പുനഃസംപ്രേഷണം കൈറ്റ് വിക്ടേഴ്സ് പ്ലസിൽ അടുത്ത ദിവസം ഉണ്ടാകും. പ്ലസവണ്ണിന് വൈകുന്നേരം 6 മുതലും പ്ലസ്ട്ടുവിന് രാവിലെ 8.30 മുതലും പത്താം ക്ലാസിന് രാവിലെ 7 മുതലും അടുത്ത ദിവസം അതേ ക്രമത്തിൽ പുനഃസംപ്രേഷണം ചെയ്യും. പ്രീ-പ്രൈമറി മുതൽ എട്ടുവരെ ക്ലാസുകൾ അടുത്ത ദിവസം ഉച്ചയ്ക്ക് 12.30 മുതൽ 4.30 വരെയും ഒൻപതാം ക്ലാസ് 5 മണിക്കും ആണ് കൈറ്റ് വിക്ടേഴ്സ് പ്ലസിലെ പുനഃസംപ്രേഷണം.

ഫെബ്രുവരി ആദ്യവാരം പത്താം ക്ലാസിന്റേയും അവസാനവാരം പ്ലസ്ട്ടുവിന്റേയും ക്ലാസുകൾ പൂർത്തിയാക്കി ഫോക്കസ് ഏരിയയ്ക്കു പുറത്തുള്ള വിഷയങ്ങളുൾപ്പെടെ പ്രതിപാദിക്കുന്ന പ്രത്യേക റിവിഷൻ ക്ലാസുകളും സംപ്രേഷണം ചെയ്യുമെന്ന് കൈറ്റ്
സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു. ഇതോടൊപ്പം
പൊതുപരീക്ഷയ്ക്ക് മുൻപ് തത്സമയ സംശയനിവാരണത്തിനുള്ള ലൈവ് ഫോൺ-ഇൻ പരിപാടിയും പ്രത്യേകം ഓഡിയോ ബുക്കുകളും കൈറ്റ് തയ്യാറാക്കും. ഒന്നു മുതൽ ഒൻപതുവരെ ക്ലാസുകൾ ഏപ്രിൽ മാസത്തോടെയും പ്ലസ് വൺ ക്ലാസുകൾ മെയ് മാസത്തോടെയും പൂർത്തിയാക്കുന്ന വിധത്തിലാണ് ക്രമീകരണം. ഇതിന് പിന്നീട് ആവശ്യമുള്ള മാറ്റങ്ങൾ വരുത്തും.

രണ്ടു ചാനലിലും വൈകുന്നേരം 7.30 മുതൽ 9.30 വരെ (നാലു പ്രോഗ്രാമുകൾ) പൊതുപരിപാടികൾ ആയിരിക്കും. ഇതിൽ കേരളം മണ്ണും മനുഷ്യനും (ഡോ. തോമസ് ഐസക്), ശാസ്ത്രവും ചിന്തയും (ഡോ.വി.പി.ജോയ്), മഹാമാരികൾ (ഡോ.ബി. ഇക്ബാൽ), ജീവന്റെ തുടിപ്പ് (ഡോ.ഇ.കുഞ്ഞികൃഷ്ണൻ), ശാസ്ത്രവിചാരം (ഡോ.വൈശാഖൻ തമ്ബി), മഞ്ചാടി (കുമാരി നേഹ ഡി തമ്ബാൻ), എങ്ങനെ എങ്ങനെ എങ്ങനെ? കളിയും കാര്യവും, ഇ-ക്യൂബ് സ്റ്റോറീസ്, ചരിത്രം തിരുത്തിയ തന്മാത്രകൾ എന്നിങ്ങനെ പത്തു പുതിയ പരമ്പരകളാണ് സംപ്രേഷണം ചെയ്തു വരുന്നത്.

സ്കൂളിലെ ഒൻപത് വരെ ക്ലാസുകൾ താത്ക്കാലികമായി നിർത്തുന്ന സാഹചര്യത്തിൽ അധ്യാപകർക്ക് തുടർപിന്തുണ നൽകാൻ കഴിയുന്ന വിധത്തിൽ കൈറ്റ് വിക്ടേഴ്സ് ക്ലാസുകൾ പുനഃക്രമീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗത്തിലെ തീരുമാനമനുസരിച്ചാണ് പുതിയ സമയക്രമീകരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button