PONNANI
കൈയേറ്റമൊഴിയാതെ കർമ റോഡ്


പൊന്നാനി : സർക്കാർ ഭൂമി അളന്നുതിട്ടപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുമ്പോഴും കർമ റോഡരികിൽ കൈയേറ്റത്തിന് കുറവില്ല. റോഡരികിലെ താഴ്‌ചയുള്ള സ്ഥലങ്ങൾ കൈയേറി തൂണുകൾ സ്ഥാപിച്ച് പലകകൾ നിരത്തിയുള്ള നിർമാണം നടക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായെങ്കിലും ഉദ്യോഗസ്ഥരാരും ഇങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ല.
മഴവെള്ളം ഒഴുകിപ്പോകുന്ന ചാലുകൾവരെ കൈയേറ്റക്കാർ കൈയടക്കുകയാണ്. കർമ റോഡരികിൽ സർക്കാർ ഭൂമി വ്യാപകമായി കൈയേറുന്നതായി നേരത്തേ പരാതിയുണ്ടായിരുന്നു. കൈയേറ്റം കണ്ടെത്തുന്നതിനായി നടത്തിയ സർവേ ദിവസങ്ങൾക്കുമുൻപാണ് അവസാനിച്ചത്. സർവേ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ കൈയേറ്റങ്ങൾ നിർബാധം തുടരുന്ന കാഴ്‌ചയാണ് കർമ റോഡരികിൽ കാണുന്നത്.













