കേൾക്കൂ…കേൾക്കൂ… കേൾക്കാതിരിക്കരുത്; ഇന്ന് ലോക കേൾവി ദിനം.

പെരിന്തൽമണ്ണ: മാർച്ച് മൂന്ന്. മറ്റൊരു ലോക കേൾവി ദിനം കൂടി കടന്നുവരുമ്പോഴും കേൾവിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞിട്ടും അതിനുവേണ്ട പരിഗണന നൽകാതെ തിരിഞ്ഞ് നടക്കുകയാണ് നാം. പഞ്ചേന്ദ്രിയങ്ങളിൽ കേൾവിക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്നത് വ്യക്തമാക്കുന്നതാണ് ലോകാരോഗ്യ സംഘടനയുടെ ഈ വർഷത്തെ ആഹ്വാനംപോലും. കേൾവിക്കുറവിനോടുള്ള സമൂഹത്തിന്റെ ചിന്താഗതി മാറ്റാനാണ് ലോകാരോഗ്യ സംഘടന ആഹ്വാനം ചെയ്യുന്നത്.
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം 43 കോടിയോളം പേർ കേൾവിക്കുറവ് അനുഭവിക്കുന്നുണ്ട്. 2050ഓടെ അത് ഏകദേശം 70 കോടിയോളം എത്തുമെന്ന് പഠനങ്ങൽ സൂചിപ്പിക്കുന്നു. എന്നാൽ, ഇതിൽ പകുതിയിലേറെ ആളുകൾ കേൾവി പ്രശ്നങ്ങൾ അവഗണിച്ച് മുന്നോട്ട് പോവുന്നവരാണ്. അമിത ശബ്ദത്തിന്റെ ദൂഷ്യഫലങ്ങൾ പലപ്പോഴും നാം തിരിച്ചറിയാതെ പോവുന്നു. അമിതശബ്ദം ജീവിതശൈലി രോഗങ്ങൾക്ക് കാരണമാവുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. അതുപോലെ കുട്ടികളിലെ ഏകാഗ്രതയെ അമിതശബ്ദം ബാധിക്കുന്നു. 70 ഡെസിബെല്ലിന് (ഡി.ബി) മുകളിലുള്ള ശബ്ദം ഹാനികരമെങ്കിൽ ഉച്ചഭാഷിണികൾ 100 മുതൽ 120 ഡി.ബി വരെ ശബ്ദം പുറപ്പെടുവിക്കുന്നു.
2000ലെ പരിസ്ഥിതി നിയമപ്രകാരം ഇൻഡസ്ട്രിയിൽ സോണിൽ പകൽ 75 ഡി.ബി വരെയും രാത്രി 64 ഡി.ബി വരെയും ആണ് അനുവദനീയമായ ശബ്ദപരിധി. എന്നാൽ, അത് എവിടെയും പ്രാവർത്തികമാവുന്നില്ല എന്നതാണ് സത്യം. അതുപോലെ അമിത ശബ്ദത്തിലുള്ള ഹെഡ്ഫോൺ ഉപയോഗവും ശബ്ദകോലാഹലങ്ങൽ തീർക്കുന്ന ഡി.ജെ പാർട്ടികളും യുവത്വത്തിന്റെ സുരക്ഷിതമല്ലാത്ത കേൾവി ശീലങ്ങളാണ്. കേൾവിക്കുറവ് നമുക്ക് ഏതുപ്രായത്തിലും തടയാൻ കഴിയും.
നവജാത ശിശുക്കളിലെ കേൾവി പരിശോധന വഴി ശ്രവണ വൈകല്യം തിരിച്ചറിഞ്ഞ്, തലച്ചോറിന്റെയും ശ്രവണേന്ദ്രിയ നാഡീവ്യൂഹത്തിന്റെയും വളർച്ചക്ക് മുമ്പ് തന്നെ ഫലപ്രദമായ ചികിത്സ നൽകാൻ സഹായിക്കുന്നുണ്ട്. അതുപോലെ പ്രായമായവരിലും കേൾവിക്കുറവ് തിരിച്ചറിഞ്ഞാൽ അത് മറച്ചുവെക്കാതെ ശ്രവണ സഹായിയും മറ്റും ഉപയോഗിച്ച് മാനസിക ശാരീരിക പ്രശ്നങ്ങൾ അകറ്റാം.
ഏത് ആരോഗ്യ പ്രശ്നം പോലെയും പ്രാധാന്യമർഹിക്കുന്ന ഒന്നായി കേൾവി പ്രശ്നങ്ങൾ പരിഗണിച്ച് കൃത്യസമയത്ത് പരിശോധന നടത്താനും ചികിത്സ തേടാനും ആരോഗ്യപരമായ ജീവിതം സ്വന്തമാക്കാനും നിരവധി അവസരങ്ങൾ ലഭ്യമാണ്. ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ കേൾവിയുടെ കുറവുകൾ കണ്ടെത്താനും അവക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കാനും കഴിയും. കേൾവിക്കുറവിനെ നിസ്സാരക്കാരനാക്കി കാണാതെ സ്വയം തിരിച്ചറിഞ്ഞ് പ്രതിരോധ മാർഗങ്ങളും ചികിത്സ രീതികളും തേടുന്നത് അനിവാര്യമാണ്.
