വടക്കഞ്ചേരി ബസ് അപകടത്തിൽ മരിച്ച സഹോദരന് വേണ്ടി സ്വപ്‌നം നേടിയെടുത്ത് സഹോദരി


തൃശൂര്‍ നടത്തറ മന്നം നഗറില്‍ രോഹിത് രാജിന്‍റെ ഓര്‍മ്മകളുണ്ട് ഇപ്പോഴും തെക്കൂട്ട് ഗോകുലം വീട്ടില്‍. രോഹിതിന്‍റെ സ്വപ്നമായിരുന്നു സഹോദരി ലക്ഷ്മി രാജ്യത്തിനായി ജഴ്സിയണിയുന്ന കാലം. അതിലേക്ക് അടിവച്ചടിവച്ച് നടന്നടുക്കുകയാണ് ഈ പതിനെട്ടുകാരി.
കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിന് വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച രോഹിത് രാജിന്‍റെ സ്വപ്നമായിരുന്നു ഇത്. സഹോദരി രാജ്യത്തിനായി ജഴ്സി അണിയുന്നത് കാണാനാഗ്രഹിച്ച രോഹിത്തിനായി വിധി കാത്തുവെച്ചത് മറ്റൊന്നായിരുന്നു. ഇക്കഴിഞ്ഞ ദേശീയ ജൂനിയര്‍ ബാസ്കറ്റ്ബോള്‍ സൗത്ത് സോണ്‍ വനിതാ വിഭാഗത്തില്‍ റണ്ണേഴ്സ് അപ്പ് ആയ കേരള ടീമിനൊപ്പം ലക്ഷ്മിയുമുണ്ടായിരുന്നു. രോഹിതിന്‍റെ ആകസ്മിക മരണത്തിന് ഏതാനും ദിവസം മുമ്പാണ് ലക്ഷ്മി സംസ്ഥാന ക്യാംപിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
രോഹിതിന്‍റെ ആകസ്മിക വിയോഗം കുടുംബത്തെ തളർത്തിയെങ്കിലും അവന്റെ ഏറ്റവും വലിയ സ്വപ്നത്തിനൊപ്പം തന്നെ നിൽക്കുകയായിരുന്നു മാതാപിതാക്കളും. മരണത്തിന്‍റെ രണ്ട് നാളുകള്‍ക്കപ്പുറമാണ് ദേശീയ മത്സരത്തിനായുള്ള കോച്ചിംഗ് ക്യാംപിലേക്ക് ലക്ഷ്മിയെ എത്തിച്ചത്. അത് രോഹിതിന്‍റെ കൂടി ആഗ്രഹമായിരുന്നു..
ലക്ഷ്മി ഇപ്പോള്‍ പരിശീലനം നടത്തുന്നത് പഠിക്കുന്ന ഇരിങ്ങാലക്കുട സെന്‍റ് ജോസഫ് കോളേജിലെ ബാസ്കറ്റ് ബോള്‍ കോച്ച് പിസി ആന്‍റണിയുടെ ശിക്ഷണത്തിലാണ്. രോഹിത് രാജും പരിശീലനം നേടിയിരുന്നത് പിസി ആന്‍റണിയുടെ കീഴിലായിരുന്നു. യൂണിവേഴ്സിറ്റി തല മത്സരങ്ങളിലും ജില്ലാ ടീമിലും രോഹിതിന്‍റെ സാന്നിധ്യമുണ്ടായിരുന്നു.
