വിശുദ്ധ റംസാൻ 30 പൂർത്തിയാക്കി വിശ്വാസികൾ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും. സവിശേഷമായ സമയങ്ങളും പവിത്രമായ ദിനരാത്രങ്ങളുമായി സമ്പന്നമായ അനുഗ്രഹീത മാസത്തിന് അവസാന ദിനത്തിലെ വെള്ളിയാഴ്ചയിലെ ഖുതുബയിൽ ഇമാമുകൾ വികാരനിർഭരമായ യാത്രയയപ്പ് നൽകി. 5 വെള്ളിയാഴ്ച ലഭിച്ച അപൂർവ്വ റംസാൻ കൂടിയാണ് ഇത്തവണത്തേത്. ശവ്വാലിൻ പിറ ദൃശ്യമാകുന്നതോടെ തക്ബീറുകൾ മുഴക്കിയും പിന്തുണ സക്കാത്ത് വിതരണം ചെയ്തും വിശ്വാസികൾ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. പ്രഭാതത്തിൽ നടക്കുന്ന പെരുന്നാൾ നിസ്കാരത്തിന് പുത്തൻ വസ്ത്രങ്ങൾ ധരിച്ചും സുഗന്ധം പൂശിയും വിശ്വാസികൾ നേരത്തെ തന്നെ പള്ളികളിൽ എത്തിച്ചേരും. പരസ്പരം ആലിംഗനം ചെയ്ത കുടുംബവീടുകളിൽ സന്ദർശനം നടത്തിയും ഒന്നിച്ച് പെരുന്നാൾ ഭക്ഷണം കഴിച്ചും ആഘോഷങ്ങളിൽ വിശ്വാസികൾ സജീവമാകും. വ്രതശുദ്ധിയിലൂടെ നേടിയെടുത്ത ആത്മീയ ചൈതന്യം വരുംകാലങ്ങളിൽ ജീവിതത്തോട് ചേർത്ത് പിടിക്കാനും പ്രതിജ്ഞയെടുക്കും.