KERALA


കേരളത്തിലേക്ക് ലഹരി ഒഴുകുന്നു; മുൻപന്തിയിൽ എംഡിഎംഎ, കഞ്ചാവും വ്യാപകം

 
സംസ്ഥാനത്ത് ലഹരി വസ്തുവായ എംഡിഎംഎ പിടികൂടുന്ന കേസുകളിൽ വലിയ വർധന. എക്സൈസിന്റെ കണക്കനുസരിച്ച് 2017ൽ 107.63 ഗ്രാം എംഡിഎംഎയാണ് പിടികൂടിയതെങ്കിൽ 2018ൽ ഇത് 31147.62 ഗ്രാമായി വര്‍ധിച്ചു. 2019ൽ പിടികൂടിയത് 230 ഗ്രാം. 2020ൽ 564.11 ഗ്രാമായും 2021ൽ 6130.5 ഗ്രാമായും വർധിച്ചു. ഈ മാസം ഓഗസ്റ്റുവരെ പിടികൂടിയത് 5362.20 ഗ്രാം എംഡിഎംഎയാണ്.

എംഡിഎംഎ പോലുള്ള രാസലഹരികൾ വർധിക്കുമ്പോഴും സംസ്ഥാനത്തേക്കെത്തുന്ന കഞ്ചാവിന്റെ അളവിലും കുറവില്ല. 2016ൽ 1012 കിലോ കഞ്ചാവ് പിടികൂടിയപ്പോൾ 2017ൽ 1332 കിലോ കഞ്ചാവ് പിടികൂടി. 2018ൽ ഇത് 1884 കിലോ ആയി ഉയർന്നു. 2019ൽ പിടികൂടിയത് 2796 കിലോ കഞ്ചാവ്. 2020ൽ 3209 കിലോ കഞ്ചാവും 2021ൽ 5632 കിലോ കഞ്ചാവും പിടികൂടി.

ഈ വർഷം ഓഗസ്റ്റുവരെ പിടികൂടിയത് 2937 കിലോ കഞ്ചാവ്. 2016ൽ 0.89 ഗ്രാം എൽഎസ്‌ഡി പിടികൂടിയ സ്ഥാനത്ത് ഈ വർഷം പിടിച്ചത് 25.19 ഗ്രാം. വാറ്റ് ചാരായം നിർമിക്കുന്നതിനുള്ള വാഷ് പിടികൂടുന്നത് കോവിഡ് കാലത്ത് കൂടുതലായിരുന്നെങ്കിൽ ഇപ്പോൾ കുറഞ്ഞു. 2021ൽ 6,91,590 ലീറ്റർ വാഷാണ് പിടികൂടിയതെങ്കിൽ ഈ വർഷം ഓഗസ്റ്റുവരെ പിടികൂടിയത് 1,67,541 ലീറ്റർ.

കടത്താനും ഉപയോഗിക്കാനും എളുപ്പമാണെന്നതും ലഭിക്കുന്ന മാരക ലഹരിയുമാണ് എംഡിഎംഎയുടെ പ്രചാരം വർധിക്കാൻ കാരണമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. ഉപയോഗിച്ചാൽ മണമില്ലെന്നതും ഇതിലേക്ക് യുവതീയുവാക്കളെ ആകർഷിക്കുന്ന ഘടകമാണ്. മാസങ്ങളോളം നിരന്തരമായി ഉപയോഗിച്ചാൽ മരണത്തിനുവരെ കാരണമാകുന്ന മാരക ലഹരിവസ്തുവാണ് എംഡിഎംഎ.

മുൻപ് വിദേശത്തുനിന്നാണ് എംഡിഎംഎ എത്തിയിരുന്നതെങ്കിൽ ഇപ്പോൾ ബെംഗളൂരു, ചെന്നൈ, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിൽ നിർമിക്കുന്ന എംഡിഎംഎയാണ് കേരളത്തിലെത്തിക്കുന്നത്. എംഡിഎംഎ നിർമാണത്തിന് ആവശ്യമായ രാസവസ്തുക്കള്‍ വിദേശത്തുനിന്നുമാണ് എത്തിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button