കേരളം തലതാഴ്ത്തുന്നു’; ഈ പൊലീസ് കേരളത്തിന് അപമാനമെന്ന് വി.ഡി.സതീശൻ


തലശ്ശേരിയിൽ കാറിൽ ചാരി നിന്നതിന് ആറു വയസ്സുകാരനെ തൊഴിച്ചു തെറിപ്പിച്ച സംഭവം മനഃസാക്ഷിയുള്ള ആരെയും വേദനിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്. ഒരു ആറ് വയസുകാരൻ തന്റെ കൗതുകം കൊണ്ടാണ് കാറിൽ ചാരി നിന്നത്. അതിന്റെ പേരിൽ കുട്ടിയെ ചവിട്ടി തെറിപ്പിച്ചത് കൊടും ക്രൂരതയാണ്. രാജസ്ഥാനിൽ നിന്ന് തൊഴിൽ തേടി കേരളത്തിലെത്തിയ കുടുംബത്തിലെ കുട്ടിയോട് കാട്ടിയ ക്രൂരതയിൽ കേരളം തലതാഴ്ത്തുന്നുവെന്നും വി.ഡി.സതീശൻ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
പ്രതിയെ ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച പൊലീസിന് ഗുരുതരമായ വീഴ്ചയാണ് പറ്റിയതെന്നും സതീശൻ ആരോപിച്ചു. സിസിടിവി ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്ന് വിവാദമായപ്പോഴാണ് പൊലീസിന് വകതിരിവുണ്ടായത്. മുഖ്യമന്ത്രിക്ക് ഇതും ഒരു ഒറ്റപ്പെട്ട സംഭവമാകും. പക്ഷേ ഈ പൊലീസ് കേരളത്തിന് അപമാനമാണ്. കേരളത്തിൽ പൊലീസ് സംരക്ഷണം ആർക്കാണ്, ഇരയ്ക്കോ അതോ വേട്ടക്കാർക്കോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
വി.ഡി.സതീശന്റെ ഫേസ്ബുക്ക് കുറിപ്പിലേക്ക്
മനഃസാക്ഷിയുള്ള ആരെയും വേദനിപ്പിക്കുന്ന ദൃശ്യങ്ങളാണിത്. ഒരു ആറ് വയസുകാരൻ തന്റെ കൗതുകം കൊണ്ടാണ് കാറിൽ ചാരി നിന്നത്. അതിന് കുട്ടിയെ ചവിട്ടി തെറിപ്പിക്കുക എന്നത് കൊടുംക്രൂരതയാണ്. രാജസ്ഥാനിൽ നിന്ന് തൊഴിൽ തേടി കേരളത്തിലെത്തിയ കുടുംബത്തിലെ കുട്ടിയോട് കാട്ടിയ ക്രൂരതയിൽ കേരളം തലതാഴ്ത്തുന്നു.
പ്രതിയെ ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച പൊലീസിന് ഗുരുതരമായ വീഴ്ചയാണ് പറ്റിയത്. സിസിടിവി ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്ത് വന്ന് വിവാദമായപ്പോഴാണ് പൊലീസിന് വകതിരിവുണ്ടായത്. സംഭവം നടന്ന് പത്ത് മണിക്കൂറിന് ശേഷമാണ് തലശ്ശേരി പൊലീസ് അനങ്ങിയത്. മുഖ്യമന്ത്രിക്ക് ഇതും ഒരു ഒറ്റപ്പെട്ട സംഭവമാകും. പക്ഷേ ഈ പൊലീസ് കേരളത്തിന് അപമാനമാണ്. കേരളത്തിൽ പൊലീസ് സംരക്ഷണം ആർക്കാണ്, ഇരയ്ക്കോ അതോ വേട്ടക്കാർക്കോ?
