KERALA

കേന്ദ്ര ബാലാവകാശ കമ്മീഷൻ പിരിച്ചുവിടണം- കേരള മുസ്‍ലിം ജമാഅത്ത് കൗൺസിൽ

തിരുവനന്തപുരം: രാജ്യത്തെ മദ്റസകൾ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ചീഫ്സെക്രട്ടറിമാർക്ക് കത്തയച്ച ദേശീയ ബാലാവകാശ കമ്മീഷൻ നടപടി ഭരണഘടന ന്യൂനപക്ഷങ്ങൾക്ക് നൽകിയ അവകാശങ്ങളുടെ ലംഘനമാണ്. അതുകൊണ്ടുതന്നെ ദേശീയ ബാലവകാശ കമ്മീഷൻ പിരിച്ചു വിടണമെന്ന് കേരള മുസ്‍ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം.എച്ച്. ഷാജി ആവശ്യപ്പെട്ടു. വ്യക്തമായ കാഴ്പ്പാടോടുകൂടി ഭരണഘടന നൽകുന്ന അവകാശങ്ങൾക്കുള്ളിൽ നിന്ന് നിയതമായ സിലബസിന്റെ അടിസ്ഥാനത്തിലാണ് മദ്റസ വിദ്യാഭ്യാസം നടക്കുന്നത്. സംഘപരിവാർ അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ബാലാവകാശ കമ്മീഷന്റെ തീരുമാനം. ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ഉത്തർപ്രദേശ്,

ബിഹാർ, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ മതപഠനത്തോടൊപ്പം കണക്ക് സയൻസ് തുടങ്ങിയ വിഷയങ്ങളും പഠിപ്പിക്കാറുണ്ട്. അതിന് സർക്കാരിന്റെ സഹായവും ലഭിക്കാറുണ്ട്. വടക്കെ ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുറവ് പരിഹരിക്കപ്പെടുന്നതും മദ്റസകളിലുടെയാണ്. വളരെ ചിട്ടയായി സ്വാതന്ത്ര്യാനന്ത ഇന്ത്യയിൽ നടന്നു വരുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ സമ്പ്രദായത്തെ തകർക്കാനാണ് കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ ബാലവകാശകമ്മീഷൻ ശ്രമം നടത്തുന്നത്. ഒന്നിനു പുറകെ ഒന്നായി മുസ്‍ലിം സമുദായത്തിനു നേരെയുളള ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം രാജ്യ വ്യാപകമായി ഉയർന്നു വരേണ്ടതുണ്ട്. ബാലവകാശ കമ്മീഷന്റെ രാജ്യത്തെ ശിഥിലമാക്കാനുള്ള നീക്കത്തിനെതിരെ കേരള മുസ്‍ലിം ജമാഅത്ത് കൗൺസിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തു വരുമെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button