EDAPPAL

കെ. നാരായണൻ നായര്‍ സ്മാരക രാഷ്ട്രീയ നൈതികതാ പുരസ്‌കാരം കെ കെ ശൈലജക്കും സി. ദിവാകരനും;അവാർഡ് വിതരണം ഫെബ്രുവരി എട്ടിന് കുമ്പിടിയില്‍ വെച്ച് നടക്കും

എടപ്പാള്‍ : മലബാറിലെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവും സാമൂഹ്യപ്രവർത്തകനുമായിരുന്ന കെ നാരായണൻ നായരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയിരിക്കുന്ന രണ്ടാമത് രാഷ്ട്രീയ നൈതികതാ പുരസ്‌കാരത്തിന് മുൻ മന്ത്രിമാരായ കെ കെ ശൈലജ , സി. ദിവാകരൻ
എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
നൈതികതയും മൂല്യബോധവും ഉയർത്തിപ്പിടിച്ച് രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിൽ നിസ്വാർത്ഥവും സമർപ്പിതവുമായ പ്രവർത്തനം നടത്തി മാതൃകകളാകുന്നവരേയാണ് എല്ലാ വര്‍ഷവും രാഷ്ട്രീയ നൈതികതാ പുരസ്‌കാരം നൽകി ആദരിക്കുന്നത്.
ആദ്യ പുരസ്‌കാരജേതാവ് അന്തരിച്ച സി.പി.ഐ. നേതാവ് കാനം രാജേന്ദ്രനായിരുന്നു.
കോവിഡ് മഹാമാരിയുടെ കാലത്ത് ആരോഗ്യമന്ത്രിയെന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങളിലെ നേതൃമികവും രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ ദീർഘ കാല സാന്നിധ്യമായി പുലർത്തി പോരുന്ന തെളിമയാർന്ന കർമ്മകുശലതയും പരിഗണിച്ചാണ് ശൈലജക്ക് പുരസ്‌കാരം നൽകുന്നത്. ഭക്ഷ്യ മന്ത്രിയെന്ന നിലയിൽ പൊതുവിതരണ രംഗത്തെ ശാക്തീകരണത്തിനും ഭക്ഷ്യ സുരക്ഷക്കുമായി നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങളും ട്രേഡ് യൂണിയൻ രംഗത്തെ കരുത്തുറ്റ ദീർഘകാല നേതൃമികവും കണക്കിലെടുത്താണ് സി. ദിവാകരനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തതെന്നും സംഘാടകർ പറഞ്ഞു. അശോകസ്തംഭ മാതൃകയിലുള്ള ശില്പവും പ്രശസ്തി പത്രവുമാണ് അവാർഡ് ജേതാക്കൾക്ക് നൽകുന്നത്.
അനുസ്മരണ സമ്മേളന ഉദ്‌ഘാടനവും അവാർഡ് വിതരണവും ഫെബ്രുവരി എട്ടിന് പാലക്കാട് ജില്ലയിലെ കുമ്പിടി പന്നിയൂർ നാരായണീയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എം ബി രാജേഷ് നിർവഹിക്കും. കേരള ഹൈക്കോടതി ജഡ്ജ് ജസ്‌റ്റിസ്‌ വി.ജി. അരുൺ മുഖ്യാതിഥി ആയിരിക്കും പന്ന്യൻ രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നിർവഹിക്കും. പി പി സുനീർ എംപി അധ്യക്ഷത വഹിക്കും.
പത്ര സമ്മേളനത്തിൽ അരവിന്ദാക്ഷൻ മാസ്റ്റർ, കൈപ്പള്ളി അലി, ദേവദാസൻ മാസ്റ്റർ, ദിലീപ് നാരായണൻ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button